കല്‍പ്പറ്റ: നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ മരിച്ച മാവേയിസ്റ്റ് നേതാക്കളുടെ അനുസ്മരണം ഇന്ന് മാനന്തവാടിയില്‍ നടക്കും. ഇതേ തുടര്‍ന്ന് വയനാട്ടില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. കേരളത്തിന് പുറമേ, 4 സംസ്ഥാനങ്ങളിലെ രഹസ്യപൊലീസും മാനന്തവാടിയില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന.
നിലമ്പൂര്‍ വെടിവപ്പില്‍ മരിച്ച കുപ്പു ദേവരാജ് അജിത നിലമ്പൂര്‍ കാട്ടില്‍ വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ലത എന്നിവരുടെ അനുസ്മരണമാണ് ഇന്ന് മാനന്തവാടിയില്‍ നടക്കുക. പൊലീസ് ഇതിനുള്ള അനുമതി ആദ്യം നിക്ഷേധിച്ചെങ്കിലും പിന്നീട് നല്‍കി. മാനന്തവാടി ഗാന്ധിപാര്‍ക്കിനുപകരം മൈസൂര്‍ റോഡില്‍ നടത്താനാണ് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അവസാനഘട്ടത്തില്‍ സുരക്ഷ കാരണമാക്കി അനുസ്മരണം തടയുമോ എന്ന പേടിയിലാണ് സംഘാടകര്‍.
അനുസ്മരണസമ്മേളനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രമുഖരായ മാവോയിസ്റ്റുനേതാക്കളെത്തുമോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടുതന്നെ ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും അതിവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനകളും നടക്കുന്നുണ്ട്. കേരളാ പൊലീസിനു പുറമെ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ രഹസ്യനാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും മാനന്തവാടിയിലെത്തിയിട്ടുണ്ട്.
