ദൂരദര്‍ശന്‍ ക്യാമറാമാനും രണ്ട് പൊലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആരന്‍പൂര്‍ ഗ്രാമത്തില്‍ വച്ചായിരുന്നു അപകടം. 

ദന്തേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ദൂരദര്‍ശന്‍ സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം. ദൂരദര്‍ശന്‍ ക്യാമറാമാനും രണ്ട് പൊലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആരന്‍പൂര്‍ ഗ്രാമത്തിലെ നില്‍വായ എന്ന ഇടത്ത് വച്ചായിരുന്നു ആക്രമണം. അച്യുതാനന്ദ സാഹു എന്ന ക്യാമറാമാന്‍ ആണ് കൊല്ലപ്പെട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നിന്ന് വാര്‍ത്താ ശേഖരണത്തിന് പോയ റിപ്പോര്‍ട്ടറും ക്യാമറാമാനും അടക്കമുള്ള സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. നിൽവായായിൽ ആയിരുന്നു സംഘം. സ്ഥലത്തു മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. 

ഛത്തീസ്ഗഢില്‍ കഴിഞ്ഞ ആഴ്ച നാല് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് അന്ന് പരിക്കേല്‍ക്കുകയും ചെയ്തു.