കൊച്ചി: സിറോ മലബാർ സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാളിനെ പിന്തുണച്ച് കത്തോലിക്കാ കോൺഗ്രസ്. ഭൂമിയിടപാടിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നും രൂപതാധികാരികൾക്ക് സാമ്പത്തിക ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിരൂപതയിലെ ഉത്തരവാദിത്തപ്പെട്ടവരുടെ ഉറപ്പിലാണ് മൂന്നാറിലും കോതമംഗലത്തും ഭൂമി വാങ്ങാൻ കർദിനാൾ സമ്മതിച്ചത്. കർദിനാൾ നേരിട്ട് ഈ വസ്തുക്കൾ കണ്ടിട്ടില്ല. കത്തോലിക്കാ കോൺഗ്രസ്, ഇപ്പോഴത്തെ മാധ്യമ വിചാരണയിൽ ഗൂഡാലോചന സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിർണായക സിനഡ് യോഗം ഇന്ന് കൊച്ചിയിൽ തുടങ്ങാനിരിക്കെ കത്തോലിക്ക കോണഗ്രസിന്‍റെ നിലപാട് കര്‍ദിനാളിന് ആശ്വാസമാകും.
വസ്‍തുവിൽപ്പന ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അതിരൂപതിയിലെ വൈദിക സമിതി സിനഡിന് കത്ത് നൽകിയിട്ടുണ്ട്.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷയലാണ് സഭയിലെ 62 മെത്രാൻമാർ പങ്കെടുക്കുന്ന യോഗം വിളിച്ചിരിക്കുന്നത്. വർഷത്തിൽ രണ്ടു തവണ സിനഡ് യോഗം പതിവാണെങ്കിലും എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടാണ് ഇത്തവണ സിനഡിനെ പ്രസക്തമാക്കുന്നത്. ഭൂമിയിടപാടിലെ ക്രമക്കേട് യോഗം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദിക സമിതി കത്തു നൽകിയിട്ടുണ്ട്. 62 മെത്രാൻമാർക്കും സിനഡ് സെക്രട്ടറിക്കും നൽകിയ കത്തിൽ യോഗത്തിന്‍റെ അജണ്ടയിൽ ഇക്കാര്യം പ്രത്യേകമായി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ സിനഡിലെ സ്ഥിരം സമിതിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. നാലു മെത്രാൻമാരടങ്ങിയ സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്ന് അജണ്ട രൂപീകരിച്ചിരുന്നു. എന്നാൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്നെ മെത്രാൻമാർക്കുമുന്നിൽ ഭൂമിയിടപാട് സംബന്ധിച്ച തന്‍റെ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന.
എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികടരടക്കം ഒരു വിഭാഗം പരസ്യമായി രംഗത്തുണ്ടിങ്കിലും സിനഡ് യോഗത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കടുത്ത വിമർശനത്തിന് സാധ്യതയില്ല. സഭയിൽ ഏറെ സ്വാധീനമുളള തൃശൂർ, കാഞ്ഞിരപ്പളളി , ചങ്ങനാശേരി രൂപതകൾ ആലഞ്ചേരിയെ പിന്തുണക്കുമെന്നാണ് വിവരം. ഉച്ചയ്‍ക്കുശേഷം സിനഡ് യോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതും കർദിനാൾ തന്നെയാണ്.
