റഫറിമാര്‍ക്ക് ഫുട്ബോള്‍ എന്തെന്ന് അറിയില്ല
മോസ്കോ: ലോകകപ്പിലെ റഫറിയിംഗിനെതിരെ രൂക്ഷ വിമർശനവുമായി ഡീഗോ മറഡോണ. ഫുട്ബോൾ എന്താമെന്ന് അറിയാത്തവരാണ് റഫറിമാരായി വരുന്നതെന്ന് മറഡോണ പറഞ്ഞു. ഇംഗ്ലണ്ട്- കൊളംബിയ മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങളാണ് റഫറിയെ ചൊടിപ്പിച്ചത്. ഇംഗ്ലണ്ടിന്റെ പ്രീക്വാർട്ടർ ജയം കൊളംബിയയിൽ നിന്ന് മോഷ്ടിച്ചതാണെന്ന വാദത്തോടെയാണ് മറഡോണയുടെ വിമർശനം ആരംഭിക്കുന്നത്.
ഹാരി കെയ്ൻ ചെയ്ത ഫൗളിന് ഇംഗ്ലണ്ടിന് അനുകൂലമായ പെനാൽറ്റി വിധിച്ചു. ഇംഗ്ലണ്ടുകാർ രണ്ടുവട്ടം മൈതാനത്ത് സ്വയം വീണു. അതിനും കൊളംബിയ താരങ്ങൾ ശിക്ഷിക്കപ്പെട്ടു. റഫറിയുടെ തീരുമാനങ്ങൾ തെറ്റാണെന്നു വാദിച്ചതിനാണ് കൊളംബിയ നായകന് ഫൽകാവോയ്ക്ക് മഞ്ഞക്കാർഡ് കിട്ടിയത്. ചുരുക്കത്തിൽ അമേരിക്കൻ റഫറി ഗിഗർ ഇംഗ്ലണ്ടിനായി കളിച്ചെന്ന് മറഡോണ വിമർശിച്ചു. ലോകകപ്പിനെത്തിയ റഫറിമാർ പലർക്കും അറിയാവുന്നത് ബേസ് ബോളാണ്, ഫുട്ബോളല്ലെന്നും ഡീഗോ പരിഹസിച്ചു.
റഫറിമാരെ നിശ്ചയിച്ച സമിതി തലവൻ പിയർലൂയിജി കൊല്ലിന മാപ്പ് പറയണം. ഫിഫ പ്രസിഡന്റിനെ മാറ്റങ്ങൾക്ക് തയാറാകാത്ത ഭീരുവെന്നും സൂചിപ്പിച്ചു മറഡോണ. നേരത്തെ റഫറിക്കെതിരെ കൊളംബിയൻ കോച്ചും രംഗത്തെത്തിയിരുന്നു. അതിനിടെ ബ്രസീൽ താരം നെയ്മറെയും മറഡോണ വിമർശിച്ചു. ഫൗൾ അഭിനയം കൂടുന്നുണ്ടെന്നും വിഎആറിന്റെ സാധ്യതകൾ നെയ്മർക്ക് ബോധ്യമുണ്ടാവണമെന്നും മറഡോണ പറഞ്ഞു.
