കാരണം വേറൊന്നുമല്ല, ഈ ഗ്രാമത്തിലെയും സമീപ ഗ്രാമത്തിലെയും പെണ്‍കുട്ടികള്‍ ഇവിടുത്തെ യുവാക്കളെ വിവഹാം കഴിക്കാന്‍ സമ്മതം മൂളുന്നില്ല. ഇതോടെ പണം നല്‍കി വിവാഹത്തിന് സമ്മതിപ്പിക്കുകയാണ് ചെയ്യുന്നത്

പുനെ: സ്ത്രീധന നിരോധന നിയമം രാജ്യത്ത് കര്‍ശനമാണെങ്കിലും ഇന്നും പ്രത്യക്ഷമായും പരോക്ഷമായും നാട്ടില്‍ അത് നിലനില്‍ക്കുന്നു. എന്നാല്‍, എവിടെയെങ്കിലും വിവാഹത്തിന് 'പുരുഷധനം' കൊടുക്കുന്നത് കണ്ടിട്ടുണ്ടോ. ഇല്ലെന്നാണ് അറിവെങ്കില്‍ ഇനി ആ തോന്നല്‍ അങ്ങ് മാറ്റിയേക്കൂ. ഇന്ത്യയില്‍ വിവാഹത്തിന് പുരുഷന്‍ അങ്ങോട്ട് ധനം കൊടുക്കേണ്ടി വരുന്ന ഒരു ഗ്രാമമുണ്ട്.

പൂനെയിലെ സത്താറ ജില്ലയിലെ മാന്‍ താലൂക്കിലെ ഷിന്ദി ഖുറാഡ് ഗ്രാമത്തിലെ മറാഠ യുവാക്കളാണ് പുരുഷധനം കൊടുക്കേണ്ടി വരുന്നത്. കാരണം വേറൊന്നുമല്ല, ഈ ഗ്രാമത്തിലെയും സമീപ ഗ്രാമത്തിലെയും പെണ്‍കുട്ടികള്‍ ഇവിടുത്തെ യുവാക്കളെ വിവാഹം കഴിക്കാന്‍ സമ്മതം മൂളുന്നില്ല. ഇതോടെ പണം നല്‍കി വിവാഹത്തിന് സമ്മതിപ്പിക്കുകയാണ് ചെയ്യുന്നത്.

വിദ്യാഭ്യാസമില്ലാത്തവരും ജോലി ഇല്ലാത്തവരുമായ യുവാക്കളെ വിവാഹം കഴിക്കാന്‍ ഇല്ലെന്നാണ് ഇവിടുത്തെ പെണ്‍കുട്ടികള്‍ പറയുന്നത്. പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭൂമാതാ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. 2015-2018 കാലയളിവിലാണ് സര്‍വേ നടത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച എന്‍.ജി ഗെയ്കവാദ് പിന്നോക്ക വിഭാഗം കമ്മീഷന് ഈ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഷിന്ദി ഗ്രാമത്തിലെ ജനസംഖ്യയില്‍ 82 ശതമാനവും മറാഠകളാണ്. ഇതില്‍ പകുതിയിലേറെ പേരും, ഏകദേശം 1-2 ലക്ഷം വരെ പുരുഷധനം നല്‍കിയാണ് വിവാഹം കഴിച്ചതെന്ന് സര്‍വേ പറയുന്നു.

ധനം കൊടുക്കാമെന്ന് പറഞ്ഞാലും പലരും ഇവിടെ വിവാഹത്തിന് സന്നദ്ധരാകാത്ത അവസ്ഥയാണ്. ഉയര്‍ന്ന വിഭാത്തിലുള്ള മറാഠകള്‍ അതേ വിഭാഗത്തില്‍ നിന്ന് വിവാഹം കഴിക്കാനാണ് താത്പര്യപ്പെടുന്നതെങ്കിലും പെണ്‍കുട്ടികളെ ലഭിക്കാത്ത അവസ്ഥയാണ്.

ഇതുകൊണ്ട് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ മറാഠ യുവാക്കള്‍ വിവാഹം ചെയ്യുന്നുണ്ടെന്നും സര്‍വേ പറയുന്നു. എന്നാല്‍, ഇങ്ങനെ നടക്കുന്ന വിവാഹങ്ങള്‍ക്ക് അധികം ആഘോഷങ്ങളൊന്നുമുണ്ടാവില്ല. പകരം പെണ്‍കുട്ടി ആദിവാസി വിഭാഗത്തില്‍ നിന്നുള്ളതാണെന്ന് അറിയിക്കാതെ ക്ഷേത്രങ്ങളില്‍ വിവാഹം നടത്തുകയാണ് പതിവ്.