തൃണമൂൽ കോൺഗ്രസ് വിമത എംപിമാർ നാളെ ദില്ലിയിൽ യോഗം ചേരും. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നാളെ വിമതരുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം സ്പീക്കർക്ക് കത്ത് നൽകാൻ വിമത ക്യാമ്പ്. 

ദില്ലി: തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ദില്ലിയിൽ നാളെ വിമത എംപിമാർ യോഗം ചേരും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നാളെ ദില്ലിയിലെത്തി എംപിമാരെ കാണും. ഇതിന് ശേഷം ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള അപേക്ഷ വിമത എംപിമാർ സ്പീക്കർക്ക് നൽകിയേക്കും. വിമത ക്യാമ്പ് നിയമവിദഗ്ധരുമായി സംസാരിച്ചുവെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസം വിമതപക്ഷം പുറത്തുവിട്ട കത്തിൽ 19 എംപിമാർ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. 20 എംപിമാരുടെ പിന്തുണയുണ്ടെന്നാണ് വിമത ക്യാമ്പ് അവകാശപ്പെടുന്നത്. കക്കോലി ഘോഷ് ദസ്തിദാറിനെ നേതാവായി അംഗീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. ശതാബ്ദി റോയ്‍യെ ഉപനേതാവാക്കണമെന്നും കത്തിലുണ്ട്. യഥാർത്ഥ തൃണമൂൽ കോൺ​ഗ്രസ് തങ്ങളാണെന്ന അവകാശവാദം ഉന്നയിച്ച് സ്പീക്കറെ കാണാനാണ് വിമത ക്യാമ്പിൻ്റെ തീരുമാനം. ഇതിനായി മറ്റന്നാൾ സമയം തേടിയതായാണ് സൂചന.

നേരത്തെ, തൃണമൂൽ വിമതർ ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം തേടി സ്പീക്കർക്ക് കത്ത് നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇതുവരെ കത്ത് നൽകിയില്ലെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിനാകെ 28 ലോക്സഭാ എംപിമാരാണ് ഉള്ളത്. നിലവിൽ മമത ബാനർജിക്കൊപ്പം 12 എംപിമാർ ഉണ്ടെന്നാണ് നേതാക്കളുടെ പ്രതികരണം. വിമതരെ കടന്നാക്രമിച്ച് മമത പക്ഷത്തെ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വിമതര വഞ്ചകരെന്ന് വിശേഷിപ്പിച്ച മഹുവ മൊയ്ത്ര എംപി, വിമതർ രാജിവെച്ച് ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. അമിത് ഷായുടെ മേൽനോട്ടത്തിൽ ഓപ്പറേഷൻ താമര നടക്കുകയാണെന്ന് കീർത്തി ആസാദ് എംപിയും വിമർശിച്ചു.

അതിനിടെ, പശ്ചിമ ബംഗാളിൽ കൂടുതൽ എംഎൽഎമാർ വിമതർക്കൊപ്പം ചേരുകയാണ്. നിലവിൽ 80ൽ 64 എംഎൽമാരാണ് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി നേതൃത്വം നൽകുന്ന വിമതപക്ഷത്തുള്ളത്. ആദ്യഘട്ടത്തിൽ 58 എംഎൽഎമാരായിരുന്നു വിമത ക്യാമ്പിനൊപ്പം ഉണ്ടായിരുന്നത്. അതേസമയം വിമതരുടെ നീക്കം എൻഡിഎയ്ക്ക് പാർലമെൻ്റിൽ നേട്ടമാകും. നരേന്ദ്ര മോദി സർക്കാരിന് കുറഞ്ഞത് 20 എംപിമാരുടയെങ്കിലും പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്.