മറയൂരിൽ പള്ളി വികാരിയെ മയക്കിടത്തി ഒന്നര ലക്ഷം രൂപയും ലാപ്ടോപ്പും കവർന്നു. മോഷണം നടത്തിയ ബംഗളുരു സ്വദേശികൾക്കായി പോലീസ് അന്വേഷണം തുടങ്ങി. ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകിയായിരുന്നു മോഷണം.
മറയൂർ സെന്റ് മേരീസ് പള്ളി വികാരി ഫാദർ ഫ്രാൻസിസ് നെടിയാംപറമ്പിലിനാണ് സുഹൃത്തുക്കളായെത്തിയവരിൽ നിന്ന് കടുത്ത ദുരനുഭവമുണ്ടായത്. മുമ്പ് ബംഗളുരുവിലായിരുന്നപ്പോൾ പരിചയത്തിലായ ഹേമന്ദും സുദേവുമാണ് ഇദ്ദേഹത്തെ മയക്കിക്കിടത്തി പണവും കമ്പ്യൂട്ടറും മൊബൈലും കവർന്ന ശേഷം കടന്നുകളഞ്ഞത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് രാത്രി കഴിച്ച ഭക്ഷണത്തിൽ ഉറക്ക ഗുളിക ചേർത്ത് നൽകിയതാണെന്നറിയുന്നത്.
ഫോൺ വിളിയിലൂടെ ഇടക്കിടക്ക് സൗഹൃദം പുതുക്കിയിരുന്ന ഹേമന്ദ് മറയൂരിലെത്തുന്ന വിവരവും അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയെത്തിയവർ ചൊവ്വാഴ്ച ഫാദറിനൊപ്പം കാഴ്ചകളും കണ്ട് ചുറ്റിക്കറങ്ങി. രാത്രി ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ ഹേമന്ദ് നിർബ്ബന്ധിച്ച് കഴിപ്പിച്ച ചപ്പാത്തിയിൽ ഉറക്ക ഗുളിക ഒളിപ്പിച്ചതായാണ് സംശയിക്കുന്നത്. മോഷണ വസ്തുക്കളുമായി വെളുപ്പിനെ ഇരുവരും നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വികളിൽ നിന്ന് പോലീസിന് കിട്ടിയിട്ടുണ്ട്. ഇതുമായാണ് പോലീസ് പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം തുടങ്ങിയിരിക്കുന്നത്.
