ലണ്ടന്‍: കത്വ കേസ്,ഗൗരിലങ്കേഷ് വധക്കേസ് തുടങ്ങിയ വിഷയങ്ങളിൽ മോദിക്കെതിരെ ലണ്ടന്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു. സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായാണ് മോദി യൂറോപ്പിലെത്തിയത്. നാളെയും മറ്റന്നാളുമാണ് കോമണ്‍വെല്‍ത്ത് നേതാക്കളുടെ യോഗം.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായും ചാള്‍സ് രാജകുമാരനുമായും മോദി കൂടിക്കാഴ്ച നടത്തി.  അനധികൃത കുടിയേറ്റക്കാരെ മടക്കി അയക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ  കരാറുകളില്‍ ഇരു പ്രധാനമന്ത്രിമാരും ഒപ്പുവച്ചു. ചാള്‍സ് രാജകുമാരനൊപ്പേം അയ്യായിരം വര്‍ഷത്തെ ശാസ്ത്ര പുരോഗതി പ്രദ‌ര്‍ശിപ്പിക്കുന്ന എക്സിബിഷനിൽ മോദി പങ്കെടുത്തു. ആല്‍ബര്‍ട്ട് ഗാര്‍ഡനില്‍ ലിംഗായത്ത് ആചാര്യന്‍ ബസവേശ്വരന്‍റെ പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു. തേരേസ മേയ് കോമണ്‍വെല്‍ത്ത് രാഷ്ട്രനേതാക്കള്‍ക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിലും മോദി  പങ്കെടുക്കും.