ആഘോഷങ്ങള്‍ മതപരമായി വിഭജിക്കപ്പെടരുതെന്ന് ശഠിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഓണത്തിന്റെ മതസ്വരതയ്‌ക്ക് ഈണവും ദൃശ്യരൂപവും ഒരുക്കുന്നത്. മര്‍ഹബ മാവേലി എന്ന പേരില്‍ തന്നെ തുടങ്ങുന്നു വേറിട്ട ഈ ആഘോഷപ്പെരുമയുടെ സൗന്ദര്യം. മാപ്പിളപ്പാട്ടിന്റെ ഇശല്‍ തനിമയില്‍ ഓണവുമായി ബന്ധപ്പെട്ട മുഴുവന്‍ കലാരൂപങ്ങളെയും കോര്‍ത്തിണക്കിയാണ് മര്‍ഹബ മാവേലി ആസ്വാദകരിലേക്കെത്തുന്നത്.
ഖത്തറിലെ പ്രമുഖരായ 12 ഗായകരെ ഒരൊറ്റ ഗാനത്തില്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ആല്‍ബം പുറത്തിറക്കുന്നത്. മുഹ്സിന്‍ തളിക്കുളത്തിന്റെ വരികള്‍ക്ക് ലത്തീഫ് മാഹി ഈണം പകര്‍ന്നു. മാപ്പിളപ്പാട്ടിന്റെ ഇശല്‍ മുറുക്കത്തില്‍ തട്ടമിട്ട മൊഞ്ചത്തികള്‍ക്കു പകരം കസവുസാരിയുടുത്ത സുന്ദരികളും മാവേലിയുമൊക്കെയാണ് മര്‍ഹബ മാവേലിയിലൂടെ ആസ്വാദകരിലേക്കെത്തുന്നത്. റിയാലിറ്റി ഷോകളിലും മറ്റു സംഗീത വേദികളിലും കഴിവ് തെളിയിച്ച മണികണ്ഠന്‍, റിയാസ് കരിയാട്, ഹംദാന്‍, സിമ്യ, അക്ബര്‍ ചാവക്കാട്, അമ്പിളി, പ്രീതി, ജാന്‍സി, ജനിന്‍ ജോയ്, ഹിബ ബദറുദ്ധീന്‍, നൗഷി, നിതിന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
