മരിയയുടെ ഷാള്‍ കാറ്റില്‍ പറന്ന് ബൈക്കിന്റെ ടയറില്‍ കുരുങ്ങുകയും കുട്ടിയും അമ്മയും റോഡിലേക്കു തെറിച്ചു വീഴുകയുമായിരുന്നു. 

കാസര്‍കോട്: ഷാള്‍ ബൈക്കിന്റെ ടയറില്‍ കുരുങ്ങി ദാരുണമായി മരിച്ച പന്ത്രണ്ടു വയസുകാരിക്ക് പിറന്നാള്‍ ദിനത്തില്‍ അന്ത്യയാത്ര. പരപ്പ ബിരിക്കുളം പെരിയങ്ങാനത്തെ കുന്നിരിക്കീല്‍ സജി - ബിന്ദു ദമ്പതികളുടെ ഏക മകള്‍ മരിയ സജി (12) ക്കാണ് പിറന്നാള്‍ ദിനത്തില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി നല്‍കിയത്. ഞായറാഴ്ച മാതാ പിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് മരിയ അപകടത്തില്‍ മരിച്ചത്. 

ബിരിക്കുളം ചെറുപുഷ്പം ദേവാലയത്തിലേക്ക് ഓശാന പെരുന്നാള് കൂടുവാനും പിറന്നാള്‍ കേക്ക് വാങ്ങുവാനുമായിരുന്നു മരിയ അച്ഛനമ്മമാര്‍ക്കൊപ്പം ബൈക്കില്‍ കയറിയത്. ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. മരിയയുടെ ഷാള്‍ കാറ്റില്‍ പറന്ന് ബൈക്കിന്റെ ടയറില്‍ കുരുങ്ങുകയും കുട്ടിയും അമ്മയും റോഡിലേക്കു തെറിച്ചു വീഴുകയുമായിരുന്നു. 

തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ബിരിക്കുളം ചെറുപുഷ്പദേവാലയ സെമിത്തേരിയില്‍ നൂറുകണക്കിനാളുകളുടെ സാനിധ്യത്തില്‍ മരിയയുടെ മൃതദേഹം സംസ്‌കരിച്ചു.