തിരുവനന്തപുരം: അമൃതാനന്ദമയി മഠം സന്ദർശിക്കാനെത്തി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പൗരനെ വാർഡിലേക്ക് മാറ്റി. മരിയാ സപ്പോട്ടോവിന്റെ ബന്ധുക്കൾ നാളെയെത്താനിടയുണ്ട്. ഞായറാഴ്ച മരിയോ നാട്ടിലേക്ക് മടങ്ങിയേക്കും.
കഴിഞ്ഞ ശനിയാഴ്ചയാണ് പരിക്കേറ്റ നിലയിൽ മരിയോ സപ്പോട്ടോയെ തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രവപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന സപ്പോട്ടോയെ നില തൃപ്തികരമായതോടെയാണ് വാർഡിലേക്ക് മാറ്റിയത്. റി. സർജറി, മനോരോഗ വിഭാഗങ്ങളുടെ മേൽനോട്ടത്തിലാണ് മരിയോ ഇപ്പോൾ. കൈകളിൽ ക്ഷതമേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തെക്കുറിച്ചറിയാൻ ഞങ്ങൾ ചെന്നെങ്കിലും മരിയോ സംസാരിക്കാൻ തയ്യാറായില്ല. ഉടൻ നാട്ടിലേക്ക് മടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് മരിയോ സൂചിപ്പിച്ചു. മരിയോയിൽ നിന്നും ഇതുവരെ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അമൃതാനന്ദമയീ മഠത്തിന് സമീപത്തുള്ള കടക്കാരുമായുള്ള തർക്കത്തെ തുടർന്നാണ് മരിയോ സപ്പോട്ടക്ക് പരിക്കേറ്റതെന്നാണ് പൊലീസ് നിഗമനം. ആർക്കെതിരെയും നിലവിൽ കേസില്ല. ശനിയാഴ്ച മെഡി.ബോർഡ് യോഗം ചേർന്നശേഷമാകും മരിയോയുടെ ഡിസ്ചാർജിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുക. ഞായറാഴ്ചയാണ് മടക്കടിക്കറ്റ്. അന്ന് തന്നെ തന്നെ മരിയോ മടങ്ങുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. അമേരിക്കയിൽ നിന്ന് മരിയോയുടെ സഹോദരൻ ഉടനെയെത്തും.
