സാന്‍സ്ഫ്രാന്‍സിസ്കോ: ഫെയ്‌സ്ബുക്ക് സിഇഓ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി സുക്കര്‍ബര്‍ഗിന് നേരെ ലൈംഗികാതിക്രമം നടന്നതായി റിപ്പോര്‍ട്ട്. ലോസ് ആഞ്ചലസില്‍ നിന്ന് മെക്സിക്കോയിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് റാന്‍ഡിയ്ക്ക് ദുരനുഭവം നേരിട്ടത്. 

അടുത്തിരുന്ന യാത്രക്കാരനില്‍ നിന്ന് ദുരനുഭവം ഉണ്ടായപ്പോള്‍ പരാതിപ്പെട്ട റാന്‍ഡിയെ വിമാന ജീവനക്കാര്‍ അവഗണിച്ചെന്നാണ് പരാതി. റാന്‍ഡിയെ ഉപദ്രവിച്ചയാള്‍ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്നാണ് വിമാന ജീവനക്കാര്‍ അതിനായി നിരത്തിയ വിശദീകരണം. 

അലാസ്ക എയര്‍ലൈന്‍സ് ജീവനക്കാര്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് റാന്‍ഡി സക്കര്‍ബര്‍ഗ് ഉയര്‍ത്തിയത്. റാന്‍ഡി പരാതിപ്പെട്ടപ്പോള്‍ സഹയാത്രികനോട് അനുഭാവപൂര്‍വ്വമുള്ള നിലപാട് സ്വീകരിച്ച വിമാന ജീവനക്കാര്‍ അയാള്‍ക്ക് കൂടുതല്‍ മദ്യം നല്‍കാന്‍ തയ്യാറായിയെന്നും റാന്‍ഡി ആരോപിക്കുന്നു. സഹയാത്രകിന്‍ ശല്യമാണെങ്കില്‍ റാന്‍ഡിയോട് സ്ഥലംമാറിയിരിക്കാന്‍ നിര്‍ദേശിച്ചതായും ആരോപണമുണ്ട്. 

യാത്രക്കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായപ്പോള്‍ വേട്ടക്കാരനെ സഹായിക്കുന്ന എയര്‍ലൈന്‍ ജീവനക്കാരുടെ നിലപാട് അരോചകവും ശല്യപ്പെടുത്തുന്നതുമാണെന്ന് റാന്‍ഡി പ്രതികരിച്ചു. ജീവനക്കാരുടെ ഇത്തരം നിലപാട് വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതാണെന്നും റാന്‍ഡി ആരോപിച്ചു. 

സംഭവത്തെക്കുറിച്ച് റാന്‍ഡിയുടെ പ്രതികരണം വൈറലായതിനെ തുടര്‍ന്ന് ആരോപണ വിധേയരായ ജീവനക്കാര്‍ക്ക് നേരെ അന്വേഷണം നടക്കുന്നുണ്ടെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. ശല്യപ്പെടുത്തിയ യാത്രക്കാരന് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കിയതായും വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞു.