ദില്ലി: 1000, 500 കറന്‍സി നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സര്‍ക്കാര്‍ നടപടിയിലൂടെ കള്ളപ്പണം തടയാന്‍ കഴിയുമെന്ന് കരുതുന്ന 90 ശതമാനം ഇന്ത്യക്കാരും മണ്ടന്‍മാരാണെന്ന് കട്ജു ട്വിറ്ററില്‍ കുറിച്ചു. എല്ലാ രംഗത്തും പരാജയമായ ഒരു സര്‍ക്കാര്‍ വീഴ്ച മറയ്ക്കാന്‍ കാട്ടുന്ന സര്‍ക്കസാണിതെന്നും കട്ജു വ്യക്തമാക്കി.

ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാനല്ലാതെ മറ്റൊന്നും ഇതുകൊണ്ട് സംഭവിക്കില്ലെന്നും ആളുകള്‍ ഇപ്പോള്‍ തന്നെ പരിഭ്രാന്തരായിട്ടുണ്ടെന്നും കട്ജു വ്യക്തമാക്കി. ഇന്നത്തെക്കാലത്ത് ആരുടെ കൈയിലാണ് 500-1000 നോട്ടുകള്‍ ഇല്ലാത്തത്. എന്നാല്‍ ഇന്ത്യയിലെ പല ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസോ ബാങ്കോ ഇല്ല. ഇവിടങ്ങളിലുള്ളവര്‍ എവിടെപ്പോയാണ് പണം മാറുകയെന്നും കട്ജു ഇത്തരം ബുദ്ധിശൂന്യതയ്ക്ക് ആരാണ് ഉത്തരവാദിയെന്നും കട്ജു ചോദിച്ചു.

ഇന്നലെ രാത്രി നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിനുശേഷമാണ് 500,1000 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം പ്രധാനമനത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 1000 നോട്ടുകള്‍ക്ക് പകരമായി പുതിയ 500, 2000 രൂപാ നോട്ടുകളായിരിക്കും ഇനി ലഭ്യമാകുക.

Scroll to load tweet…