തന്റെ നാട്ടിലും പ്രളയം ദുരന്തം വിതച്ചപ്പോൾ ജയദീപ് വെറുതെ നോക്കി നിന്നില്ല. വിവാഹത്തിനൊരുങ്ങിയ വീട് ദുരിതാശ്വാസ ക്യാംപാക്കി മാറ്റി. എല്ലാവർക്കും വിഭവസമൃദ്ധമായ ഭക്ഷണം നൽകുകയും ചെയ്തു.
കോട്ടയം: തീരുമാനിച്ച വിവാഹം മാറ്റിവച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുകയാണ് കോട്ടയം കുറിച്ചി നീലംപേരൂർ സ്വദേശി ജയദീപ്. നാളെയാണ് ജയദീപിന്റെ വിവാഹം തീരുമാനിച്ചിരുന്നത്. തന്റെ നാട്ടിലും പ്രളയം ദുരന്തം വിതച്ചപ്പോൾ ജയദീപ് വെറുതെ നോക്കി നിന്നില്ല. വിവാഹത്തിനൊരുങ്ങിയ വീട് ദുരിതാശ്വാസ ക്യാംപാക്കി മാറ്റി. എല്ലാവർക്കും വിഭവസമൃദ്ധമായ ഭക്ഷണം നൽകുകയും ചെയ്തു. എന്നാൽ രണ്ടു ദിവസമായി ജയദീപിന്റെ വീടിന്റെ പരിസര പ്രദേശങ്ങളിലും വെള്ളമാണ്. വീട്ടുകാരെ മറ്റൊരിടത്തേയ്ക്ക് മാറ്റി ജയദീപും കൂട്ടുകാരും ഇപ്പോൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.
''ഞങ്ങളുടെ വീട്ടിൽ വെള്ളം കയറിയില്ല. എന്നാൽ മുറ്റത്ത് വരെ വെള്ളം എത്തിയപ്പോൾ തന്നെ വീട്ടുകാരം മാറ്റി. എരുമേലിയിലാണ് പ്രതിശ്രുത വധു സൂര്യയുടെ വീട്. വധുവിന്റെ വീട്ടുകാരുമായി സംസാരിച്ചാണ് വിവാഹം മാറ്റിവച്ചത്. എരുമേലി ഭാഗത്തും വെള്ളപ്പൊക്കത്തിന്റെ പ്രശ്നങ്ങളുണ്ട്. അവർ സേഫാണ്. സെപ്റ്റംബറിൽ വിവാഹം നടത്താമെന്നാണ് കരുതിയിരിക്കുന്നത്. ചിലപ്പോൾ ആ തീയതിയിലും മാറ്റം വന്നേക്കാം.'' ജയദീപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആലപ്പുഴയിൽ ഇന്റഗ്രൽ ബിൽഡേഴ്സ് എന്ന സ്ഥാപനം നടത്തിവരികയാണ് ജയദീപ്. കുട്ടനാട്ടിലും പ്രളയപ്രശ്നങ്ങൾ വളരെ രൂക്ഷമായി തന്നെ തുടരുകയാണ്.
