തിബോത്തിന്‍റെ കൈകള്‍ ഫ്രാന്‍സിന് വെല്ലുവിളിയാകും
മോസ്ക്കോ: കാല്പന്തുലോകത്തെ വന് ശക്തികളായ ബ്രസീലിനെ തകര്ത്ത് എത്തിയ ബെല്ജിയത്തെ പിടിച്ചുകെട്ടുക ഫ്രാന്സിന് എളുപ്പമാകില്ല. പ്രത്യേകിച്ചും പരിശീലകൻ മാർട്ടിനെസിന്റെ തന്ത്രങ്ങൾ ഫ്രഞ്ച് പോരാളികള്ക്ക് വെല്ലുവിളിയാകും. കെവിൻ ഡി ബ്രൂയിനെന്ന കരുത്തനും ഗോളി കോട്ട്വായുമാണ് ബെല്ജിയത്തിന്റെ വിലമതിക്കാനാകാത്ത കരുത്ത്.
ബ്രസീലിനെതിരെ കളിക്കാനിറങ്ങുമ്പോള് ലോകത്തെ ഏറ്റവും മികച്ചതിനെ വെല്ലാൻ അതിലും മികച്ചത് പുറത്തെടുക്കാനറിയാമായിരുന്നു മാർട്ടിനെസിന്. ഫെല്ലൈനിയെയും ഷാദ്ലിയെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് മുതൽ, നെയ്മറെയും കുടിഞ്ഞോയെയും വളഞ്ഞതിലും ഡി ബ്രൂയിനിൽ കളി മെനഞ്ഞതിലും വരെ പരിശീലകന്റെ തന്ത്രങ്ങള് കാണാം.
ഫ്രാന്സിനെതിരെയും നിര്ണായകമാകുക മാര്ട്ടിനെസിന്റെ തന്ത്രങ്ങള് തന്നെയാകും. ഒരു ദശകത്തിലേറെയായി ലോകത്തെ എണ്ണം പറഞ്ഞ ശക്തികളിലൊന്നായിട്ടും ലോകകപ്പില് പെരുമയ്ക്കൊത്ത പ്രകടനം കാട്ടാന് സാധിക്കാതിരുന്ന ബെല്ജിയത്തിനെ കിരീടത്തിലേക്ക് അടുപ്പിച്ചതും മറ്റാരുമല്ല.
എന്ത് കൊണ്ട് ലോകോത്തര താരമാകുന്നുവെന്ന് ഒരോ മത്സരം കഴിയുമ്പോഴും കെവിൻ ഡി ബ്രൂയിൻ തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്. ഹസാർഡിന് വഴികളൊന്നും തുറന്നുകിട്ടാതായപ്പോൾ ഡിബ്രൂയിന്റെ നീക്കങ്ങളാണ് ബ്രസീലിനെതിരെ ബെൽജിയത്തിന് തുണയായത്. പതിവിലധികം മുന്നേറിക്കളിക്കുകയാണ് ഡിബ്രൂയിന് ലോകകപ്പില്. ഇതു തന്നെയാണ് ബെല്ജിയത്തിന് കരുത്താകുന്നതും. ബ്രസീലിനെതിരായ വിജയഗോള് ഇതിന് തെളിവാണ്.
തിബോത്ത് ക്വാട്ടോയ്സാണ് ബെല്ജിയത്തിന്റെ മറ്റൊരു പ്രതീക്ഷ. ബ്രസീലിന്റെ തിരിച്ചടിക്ക് തടയിട്ട്, എണ്ണം പറഞ്ഞ ഏഴ് സേവുകൾ ആ പ്രതിഭ എന്താണെന്ന് വിളിച്ചുപറയുന്നു. സെമിയില് ഷൂട്ടൗട്ടിലേക്ക് കാര്യങ്ങള് നീണ്ടാല് തിബോത്തിന്റെ കൈകള് ഫ്രാന്സിന് വെല്ലുവിളിയാകും.
