അരിയലൂര്‍: എല്ലാ ഭീകരരും ഇല്ലാതായാല്‍ മാത്രമേ ജീവത്യാഗം ചെയ്ത ജവാന്‍മാരുടെ ആത്മാവിന് ശാന്തി ലഭിക്കുകയുള്ളൂവെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ. ഭീകരരെ വധിക്കുകയും ക്യാംപുകള്‍ തകര്‍ക്കുകയും ചെയ്ത ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. 

സിആര്‍പിഎഫ് ജവാനായ സി ശിവചന്ദ്രന്‍റെ ഭാര്യ ഗാന്ധിമതിയുടെ പ്രതികരണം ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞങ്ങളുടെ കുടുംബം അദ്ദേഹത്തിന്‍റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ചു. വെറും മുന്നൂറ് ഭീകരരല്ല, എല്ലാവരും ഇല്ലാതാകണം. എങ്കില്‍ മാത്രമെ ജീവത്യാഗം ചെയ്ത ഓരോ ജവാന്‍റെയും ആത്മാവിന് ശാന്തി ലഭിക്കു- ഗാന്ധിമതി പറ‍ഞ്ഞു.

അച്ഛന്‍റെ യൂണിഫോം അണിഞ്ഞ് ശിവചന്ദ്രന്  രണ്ടുവയസുകാരനായ മകന്‍ യാത്രാമൊഴി നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഭര്‍ത്താവിന്‍റെ യൂണിഫോം അണിഞ്ഞ മകന്‍ ശിവമുനിയനെ ചേര്‍ത്ത്‍പിടിച്ച ഗാന്ധിമതിയുടെ ദുഖം നാടിന്‍റെയും ദുഖമായി മാറുകയായിരുന്നു. 

സര്‍ക്കാര്‍ ബഹുമതികളോടെ തമിഴ്നാട്ടിലെ അരിയാലൂര്‍ ജില്ലയിലാണ് ശിവചന്ദ്രന്‍റെ മൃതദേഹം സംസ്കരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അവധികഴിഞ്ഞ് ശിവചന്ദ്രന്‍ നാട്ടില്‍ നിന്നും ജമ്മുകാശ്മീരിലേക്ക് പോയത്.  അവധിക്കെത്തിയിരുന്ന ശിവചന്ദ്രന്‍ ശബരിമല ദര്‍ശനത്തിനും എത്തിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തിലാണ് ശിവചന്ദ്രന്‍റെ സഹോദരന്‍ മരിച്ചത്. അതിന്‍റെ വേദനയില്‍ നിന്നും മോചിതരാകുന്നതിന് മുമ്പാണ് കുടുംബത്തെ കാത്ത് മറ്റൊരു ദുരന്തം എത്തിയത്.