കഴിഞ്ഞ മാസം നടന്ന ഫ്ലോറിഡ സ്കൂളിലെ വെടിവയ്പിന് ശേഷം രാജ്യമാകെ തോക്കുകള്‍ക്കുള്ള ലൈസന്‍സ് നിയന്ത്രണത്തിനായി വാദിക്കുമ്പോഴാണ് മറ്റൊരു  ആക്രമണം  കൂടി

മേരിലാന്‍ഡ്: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. മേരിലാന്‍ഡിലെ ഗ്രേറ്റ് മില്‍സ് സ്‌കൂളിലാണ് വിദ്യാര്‍ത്ഥി നിറയൊഴിച്ചത്. ആക്രമണത്തില്‍ ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരിക്കേറ്റു. ഇതില്‍ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

സെമി ഓട്ടോമാറ്റിക്കായ കൈ തോക്ക് ഉപയോഗിച്ചാണ് കൊലനടത്തിയത്. വെടിയേറ്റ 14 കാരന്റെ പരിക്ക് ഗുരുതരമല്ല. എന്നാല്‍, അക്രമിയുമായി ബന്ധമുണ്ടായിരുന്ന 16 കാരിയുടെ നില ഗുരുതരമായി തുടരുന്നു. എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധത്തിന് വെടിവെപ്പുമായി ബന്ധമുണ്ടെന്ന് സൂചനയില്ല. 

അക്രമണം നടത്തിയ 17 കാരന്‍ ഓസ്റ്റിന്‍ വ്യാറ്റ് റോളിന്‍സിന് സ്‌കൂള്‍ റിസോഴ്‌സ് ഓഫീസര്‍ ബ്ലെന്‍ ഗാസ്‌കില്ലിന്റെ വെടിയേറ്റെന്നും ഇയാള്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം നടന്ന ഫ്‌ലോറിഡ സ്‌കൂളിലെ വെടിവയ്പ്പിന് ശേഷം രാജ്യമാകെ തോക്കുകള്‍ക്കുള്ള ലൈസന്‍സ് നിയന്ത്രണത്തിനായി വാദിക്കുമ്പോഴാണ് മറ്റൊരു ആക്രമണം കൂടി രാജ്യത്ത് നടക്കുന്നത്.