ന്യൂസ്‌റൂമിൽ കയറിയാണ് അക്രമി നിറയൊഴിച്ചത് അക്രമിയെ പോലീസ് പിടികൂടി
മേരിലൻഡ്: അമേരിക്കയിലെ മേരിലൻഡിലെ മാധ്യമ സ്ഥാപനത്തിൽ നടന്ന വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ന്യൂസ്റൂമിൽ കയറിയാണ് അക്രമി നിറയൊഴിച്ചത്. അക്രമിയെ പോലീസ് പിടികൂടി. ക്യാപിറ്റൽ ഗസറ്റ് ദിനപത്രത്തിന്റെ ഓഫിസിൽ വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വെടിവയ്പുണ്ടായത്.
അനാപൊളിസിലെ 888 ബെസ്റ്റ്ഗേറ്റ് റോഡിലാണു ക്യാപിറ്റൽ ഗസറ്റിന്റെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം. ഇതു പൂർണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. യുഎസിലെ മാധ്യമ സ്ഥാപനങ്ങളിലും സുരക്ഷ വർധിപ്പിച്ചു.
ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതിൽ നിറയൊഴിച്ചു തകർത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്. ഒരു റൗണ്ട് വെടിയുതിർത്ത ശേഷം വീണ്ടും തോക്കു നിറക്കാന് അക്രമി ശ്രമിച്ചപ്പോള് കുറേ പേര് ഓടി രക്ഷപെട്ടതാണ് മരണസംഖ്യ കുറയാന് കാരണം.
