പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി നടക്കുന്ന ആക്രമണങ്ങള്‍ തുടരുന്നു. അടൂരില്‍ സിപിഎം, ബിജെപി നേതാക്കളുടെവീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടിഡി ബൈജുവിന്‍റെ വീട് ആക്രമിച്ചു. 

പുലർച്ചെ നാല് മണിയോടെ മുപ്പതംഗ സംഘം വാതിലുകൾ വെട്ടിപ്പൊളിക്കുകയും ഭീകരാന്തരീക്ഷം ഉണ്ടാക്കി.ബൈജുവിന്റെ സഹോദരൻ സജിയുടെ വീടും സംഘം അടിച്ചുതകർത്തു. ഏറത്ത് ഗ്രാമ പഞ്ചായത്തംഗമാണ് ടി.ഡി.സജി.  അടൂര്‍ 14ാം മൈലിലും ആക്രണമുണ്ടായി. നിരവിധി ബിജെപി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.

പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് അടൂരില്‍ മുപ്പതോളം വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.  ഇന്നലെ രാത്രിയായിരുന്നു ആക്രമം വ്യാപകമായത്.  പന്തളത്തും സമീപ പ്രദേശമായ അടൂരിലും ഹര്‍ത്താലില്‍ ബിജെപി പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു.

പിന്നാലെ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം വഴിമാറിയി. തുടര്‍ന്ന് രാത്രിയോടെ വീടുകള്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടാവുകയായിരുന്നു. ആക്രമണം സാധ്യത മുന്നില്‍ കണ്ട് അടൂരില്‍ കനത്ത പൊലീസ് കാവല് ഏര്‍പ്പെടുത്തിയിട്ടുണ്ട്.