എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശിവത്കരണം ശക്തമാക്കിയതാണ് കേരളത്തെയും പ്രതിസന്ധിയിലാക്കുന്നത്. ഒരു കാലത്ത് സ്വപ്ന ഭൂമിയായിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് തിരിച്ചയക്കുന്നതില്‍ വലിയൊരു വിഭാഗം മലയാളികളാണ്. അവിദഗ്ധ തൊഴിലാളികളില്‍ നിന്ന് സ്വദേശിവത്കരണം നഴ്‌സുമാരിലേക്കും എത്താന്‍ തുടങ്ങിയതോടെ ഇന്ത്യയിലേക്ക് എത്തുന്ന പണത്തിന്റെ അളവിലും കുറവ് സംഭവിച്ചു. നാട്ടിലേക്ക് എത്തുന്ന പണത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 2.2 ശതമാനിന്റെ കുറവുണ്ടായതായി ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്തിയത് 69 ബില്യണ്‍ ഡോളര്‍ മാത്രം. ഒരു വര്‍ഷം കൊണ്ടുണ്ടായത് ഒരു ബില്യണ്‍ ഡോളറിന്റെ ഇടിവ്. 

രാജ്യത്തേക്ക് എത്തുന്ന പ്രവാസി നിക്ഷേപത്തില്‍ പകുതിയും ഗള്‍ഫ് മേഖലയില്‍ നിന്നാണ്. യുഎഇയില്‍ നിന്നാണ് ഏറ്റവും അധികം പണം രാജ്യത്തെ ബാങ്കുകളിലേക്ക് എത്തുന്നത് 38.7 ശതമാനം. 28.2 ശതമാനം വിഹിതവുമായി സൗദി അറേബ്യ രണ്ടാംസ്ഥാനത്താണ്. ഗള്‍ഫിലേക്ക് തൊഴില്‍ തേടി എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഈ പ്രതിസന്ധി രൂക്ഷമായി ബാധിക്കാന്‍ പോകുന്നത് കേരളത്തെയാണ്. സംസ്ഥാനത്തെ സമ്പദ് ഘടനയുടെ മൂന്നിലൊന്നും പ്രവാസികളുടെ പണമാണ്. ഇതിന്റെ ഒഴുക്ക് നിലച്ചാല്‍ ഭരണ പ്രതിസന്ധിയാകും കേരളത്തെ കാത്തിരിക്കുന്നത്.