മസ്തിഗുഡി എന്ന കന്നട സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററിൽ നിന്ന് ചാടി തടാകത്തിൽ മുങ്ങിപ്പോയ ചിത്രത്തിലെ വില്ലന്മാരായ ഉദയ്, അനിൽ എന്നിവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. അപകടം നടന്ന് ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും കാണാതായ താരങ്ങളെക്കുറിച്ച് ഒരു വിവരവും നൽകാൻ രക്ഷാപ്രവർത്തകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. റോബോട്ടിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ വെള്ളത്തിനടിയിൽ നിന്ന് ചില വസ്ത്രത്തിന്റെ ഭാഗങ്ങൾ കണ്ടെങ്കിലും ഇവ മുങ്ങിപ്പോയ നടന്മാരുടേതാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. നാളെ കൂടുതൽ മുങ്ങൽ വിദഗ്ദരെ എത്തിച്ച് തെരച്ചിൽ ഊർജ്ജിതമാക്കാനാണ് അധികൃതരുടെ ശ്രമം.
മതിയായ സുരക്ഷ ക്രമീകരണങ്ങളില്ലാതെ അശ്രദ്ധമായി ചിത്രീകരണം നടത്തിയതിന് മസ്തിഗുഡി സിനിമയുടെ സംവിധായകൻ നാഗശേഖർ, സ്റ്റണ്ട് മാസ്റ്റർ രവി വർമ്മ, നിർമാതാവ് എന്നിവർക്കെതിരെ തവരക്കരെ പൊലീസ് കേസെടുത്തു. നീന്തലറിയില്ല എന്ന് അറിയിച്ചിട്ടും ഉദയിനേയും അനിലിനേയും ഹെലികോപ്റ്ററിൽ നിന്ന് തടാകത്തിലേക്ക് ചാടാൻ സ്റ്റണ്ട് മാസ്റ്റർ രവി വർമ നിർബന്ധിക്കുകയായിരുന്നുവെന്ന് മുങ്ങിപ്പോയ നടന്മാരുടെ ബന്ധുക്കൾ ആരോപിച്ചു. തിപ്പഗൊണ്ടനഹള്ളി തടാകത്തിന്റെ കരയിൽ ചിത്രീകരണം നടത്തുന്നത് മാത്രമാണ് അനുമതി നൽകിയതെന്നും ഇത് ലംഘിച്ചാണ് അണിയറ പ്രവർത്തകർ വെള്ളത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് ചിത്രീകരണം നടത്തിയതെന്നും ബംഗളുരു ജലവിതരണ ബോർഡ് അധികൃതർ അറിയിച്ചു.
