ജനതാപാര്‍ട്ടികളുടെ ലയനത്തിനുള്ള വീരേന്ദ്രകുമാറിന്‍റെ ഫോര്‍മുല തള്ളി ജെഡിഎസ്. പാര്‍ട്ടിയുടെ രൂപം മാറ്റിയുള്ള ലയനം സാധ്യമല്ലെന്ന് പാര്‍ട്ടി ദേശീയ സമിതിയംഗം മന്ത്രി മാത്യു ടി. തോമസ് വിശദമാക്കി. വീരേന്ദ്രകുമാറുമായുള്ള സഹകരണത്തോട് പാര്‍ട്ടിയില്‍ ഒരു വിഭാഗം ഇതിനോടകം മുഖം തിരിച്ചുകഴിഞ്ഞുവെന്ന് വെളിവാക്കുന്നതാണ് പ്രതികരണം.
ഇടത് മുന്നണിയിലേക്ക് ചേക്കേറാന്‍ വീരേന്ദ്രകുമാറും കൂട്ടരും തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് പ്രതികരണം. ജനതാപാര്‍ട്ടികളുടെ ലയനമെന്ന അജണ്ട ഉയര്‍ത്തി ജെഡിഎസിനേയും ഒപ്പം കൂട്ടാനായിരുന്നു നീക്കം. ഒരു പാര്‍ട്ടിയായി മുന്നോട്ട് പോയാലെ കേരളത്തില്‍ നിലനില്‍പുള്ളൂവെന്ന വികാരമാണ് ജെഡിഎസിലെ മുതിര്‍ന്ന നേതാക്കളായ കൃഷ്ണന്‍ കുട്ടിയോടും, സി കെ നാണുവിനോടും വീരേന്ദ്രകുമാര്‍ പങ്കുവച്ചത്. എന്നാല്‍ മാത്യു ടി തോമസും കൂട്ടരും വീരേന്ദ്രകുമാറിന്‍റെ നീക്കത്തോട് അനുകൂല സമീപനമല്ല സ്വീകരിച്ചിരിക്കുന്നത്.
ജെഡിയുവില്‍ നിന്ന് പുറത്താക്കിയന്ന് ദേശീയ നേതൃത്വം കൂടി അറിയിച്ചതോടെ വീരേന്ദ്രകുമാറിന്‍റെ നില കൂടുതല്‍ പരുങ്ങലിലായി. പാര്‍ട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയെ മാത്യു ടി തോമസ് പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. ലയനത്തിടെ കൂടുതല്‍ അധികാരത്തിനാണ് വീരേന്ദ്രകുമാര്‍ ശ്രമിക്കുന്നതെന്നാണ് ജെഡിഎസിലെ ഭൂരിപക്ഷ അഭിപ്രായം. കുടംബവാഴ്ച ഉന്നമിട്ടുള്ള നീക്കത്തിന് നിന്നുകൊടുക്കണോയെന്ന ചോദ്യവും പാര്ട്ടിയില്‍ ശക്തമാകുന്നുണ്ട്.
