തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ സന്ദര്‍ശിച്ച സഭാ അധ്യക്ഷന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ്. ഈ സന്ദര്‍ശനം ഒഴിവാക്കേണ്ടതായിരുന്നു. ഈ സന്ദര്‍ശനം അധികാരവും അധികാരവും തമ്മിലുള്ള ചങ്ങാത്തത്തിനായാണ് എന്നു വ്യക്തമാണെന്ന് മാത്യു ടി തോമസ് തുറന്നടിച്ചു. 

നീതിക്കും നന്മയ്ക്കും വേണ്ടി ധീരമായി ശബ്ദമുയര്‍ത്തിയിരുന്ന സഭകളുടെ പൈതൃകം കളഞ്ഞുകുളിച്ചത് ഒരു നല്ല സന്ദേശമല്ല സമൂഹത്തിനു നല്‍കുന്നതെന്ന് മാത്യു ടി തോമസ് തവിമര്‍ശിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മാത്യു ടി തോമസ് ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്‍മാര്‍ക്കെതിരെ തുറന്നടിച്ചത്. 

ആര്‍ജ്ജവവും നീതി ബോധവുമുള്ള സഭാ നേതാക്കളേയും മതനേതാക്കളേയും രാഷ്ട്രീയ നേതാക്കള്‍ ആദരപൂര്‍വം വീക്ഷിച്ച് സന്ദര്‍ശനത്തിന് അവരുടെ സൗകര്യം തേടുന്ന കാലമുണ്ടായിരുന്നു. ആ സ്ഥാനത്താണ് ഒരു പാര്‍ട്ടിയുടെ നേതാവ് നിര്‍ദ്ദേശിക്കുന്ന സമയത്തും സ്ഥലത്തുമെത്തി സന്ദര്‍ശിക്കുന്നതിനായി സഭാനേതാക്കള്‍ കാത്തു നില്‍ക്കുന്നത്. മതനേതൃത്വം ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയെയല്ലേ ഇതു വെളിപ്പെടുത്തുന്നത് ? ഈ സന്ദര്‍ശനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും മാത്യു ടി തോമസ് പറയുന്നു.