ഇക്കാര്‍ഡിയെ ഒഴിവാക്കിയതിന്‍റെ ഫലമാണ് സാംപോളി ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് വെറോണ്‍

ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പിലെ അര്‍ജന്‍റീനയുടെ നിരാശജനകമായ പ്രകടനത്തിന്‍റെ കാരണക്കാരന്‍ പരിശീലകന്‍ സാംപോളിയാണെന്ന അഭിപ്രായമാണ് ഉയരുന്നത്. മുന്‍ താരങ്ങളില്‍ പലരും ഇതിനകം സാംപോളിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ താരം യുവാന്‍ സെബാസ്റ്റ്യന്‍ വെറോണും സാംപോളിക്കെതിരെ വെടിപൊട്ടിച്ചു.

സാംപോളിയുടെ മണ്ടന്‍ തീരുമാനങ്ങളും പിടിവാശിയുമാണ് അര്‍ജന്‍റീനയുടെ പതനത്തിന്‍റെ കാരണമെന്നാണ് വെറോണ്‍ ചൂണ്ടികാട്ടിയത്. മെസിക്ക് ശേഷം അര്‍ജന്‍റീനയുടെ അത്ഭുതമായി വിലയിരുത്തപ്പെടുന്ന മൗറോ ഇക്കാര്‍ഡിയെ ടീമില്‍ പോലും ഉള്‍പ്പെടുത്താത്തതിനെ ചൂണ്ടിയാണ് വെറോണിന്‍റെ വിമര്‍ശനം. ഇക്കാര്‍ഡിയെ ഒഴിവാക്കിയതിന്‍റെ ഫലമാണ് സാംപോളി ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്‍ഡിയെ എന്തുകൊണ്ടാണ് ടീമിലുള്‍പ്പെടുത്താത്തതെന്ന ചോദ്യത്തിന് സാംപോളി ഇനിയും ഉത്തരം നല്‍കിയിട്ടില്ല. ഇറ്റാലിയന്‍ ലീഗില്‍ 34 കളികളില്‍ നിന്ന് 29 ഗോളുകള്‍ നേടിയ യുവതാരത്തിന് ടീമില്‍ പോലും അവസരം നല്‍കാത്തത് നീതികേടാണെന്നും അദ്ദേഹം പറഞ്ഞു. മെസിക്ക് ഗോള്‍ നേടാനാകാത്ത സാഹചര്യത്തില്‍ വല കുലുക്കാന്‍ ശേഷിയുള്ള താരമായിരുന്നു ഇക്കാര്‍ഡിയെന്നും വെറോണ്‍ ചൂണ്ടികാട്ടി.