ദില്ലി: ഉത്തര്‍പ്രദേശിലെ 16 കോര്‍പ്പറേഷനുകളില്‍ 14ലിലും ബിജെപി മേയര്‍ സ്ഥാനര്‍ത്ഥികള്‍ ജയിച്ചതിന് പിന്നാലെ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ആരോപണവുമായി വീണ്ടും ബിഎസ്പിയുടേയും സമാജ്‌വാദി പാര്‍ട്ടിയുടേയും രംഗപ്രവേശം. വോട്ടിംഗ് യന്ത്രം ഇല്ലായിരുന്നെങ്കില്‍ ബിജെപി ജയിക്കില്ലായിരുന്നുവെന്ന് യുപി മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതി ആരോപിച്ചു.

ബിജെപി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ബാലറ്റ് പേപ്പറില്‍ വോട്ടിംഗ് നടത്തണം. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാല്‍ ബിഎസ്പി ചരിത്ര വിജയം നേടുമെന്നും മായവതി വ്യക്തമാക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയും വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ആരോപണവുമായി ആദ്യമെത്തിയത് മായാവതിയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പോടെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും നാമാവശേഷമായെന്ന് പരിഹസിക്കുന്നവര്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയിടങ്ങിളില്‍ ബിജെപിയുടെ വിജയം 15 ശതമാനം മാത്രമാണെന്നത് ഓര്‍ക്കണമെന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം. അതിനിടെ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ ദില്ലിയിലെത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി.