കൊല്ലം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വെടിക്കെട്ട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് സഹായഹസ്തവുമായി പ്രമുഖര്‍. ദുരന്തത്തില്‍ മരിച്ചവരുടെ കൂടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ലുലു ഗ്രൂപ്പ് ചെയര്‍മാനായ യൂസഫലി പ്രഖ്യാപിച്ചു. മരിച്ചവര്‍ക്ക് ഒരുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും വീതമാണ് ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവിപിള്ള പ്രഖ്യാപിച്ചത്.

നൂറിലേറെ പേര്‍ മരിക്കുകയും 250 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വെടിക്കെട്ട് ദുരന്തം ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണുണ്ടായത്. ദുരന്തത്തില്‍പെട്ടവര്‍ക്ക് കൂടുതല്‍ സഹായം വേണ്ടിവന്നാല്‍ അത് പിന്നീട് പരിഗണിക്കുമെന്ന് യൂസഫലിയും രവിപിള്ളയും അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് വ്യക്തമാക്കിയ നടന്‍ മമ്മൂട്ടി താന്‍ കൂടി ഭാഗമായ പതഞ്ജലി ആയുര്‍വേദസ്ഥാപനത്തിന്റെ ജീവനക്കാര്‍ തീപൊള്ളലേറ്റവരെ ചികിത്സിക്കാനായി കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. എല്ലാവര്‍ക്കും സൗജന്യമായി മരുന്ന് ലഭ്യമാക്കുമെന്നും മമ്മൂട്ടി പറഞ്ഞു. മരുന്നുകള്‍ ആവശ്യമുള്ളവര്‍ 9995424999, 9645655890 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.