Asianet News MalayalamAsianet News Malayalam

'ഭണ്ഡാരത്തിലിടാതെ മാറ്റിവെച്ച തുക സര്‍ക്കാരിലേക്ക് അടയ്ക്കാം'; ശോഭ സുരേന്ദ്രനെ പരിഹസിച്ച് എം ബി രാജേഷ്

ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോൾ ഇത്രയും പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു

mb rajesh mp trolls shobha surendran
Author
Palakkad, First Published Dec 4, 2018, 5:24 PM IST

പാലക്കാട്: കേന്ദ്ര മന്ത്രിയേയും ഹൈക്കോടതി ജ‍ഡ്ജിയേയും ശബരിമലയില്‍ പൊലീസ് അപമാനിച്ചെന്ന് കാട്ടി നല്‍കിയ ഹര്‍ജിയില്‍ ഹെെക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിട്ട ബിജെപി കേന്ദ്ര നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രനെ പരിഹസിച്ച് പാലക്കാട് എംപി എം ബി രാജേഷ്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോൾ ഇത്രയും പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

അനാവശ്യ വാദങ്ങൾ ഉന്നയിക്കരുതെന്ന് ശോഭ സുരേന്ദ്രനോട് നിര്‍ദേശിച്ച കോടതി  25,000 രൂപ പിഴ ഒടുക്കണമെന്നും വിധിച്ചിരുന്നു. ഇത്തരത്തില്‍ കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്കാണ് എം ബി രാജേഷ് ശോഭ സുരേന്ദ്രനെ പരിസഹിച്ച് കുറിപ്പിട്ടത്.

ഭണ്ഡാരത്തിലിടാതെ മാറ്റിവെച്ച തുക ഇനി സർക്കാരിലേക്കടയ്ക്കാമെന്നും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സർക്കാരിലേക്ക് 25,000 രൂപ അടയ്‍ക്കേണ്ടി വന്നിരിക്കുന്നുവെന്നും രാജേഷ് പറഞ്ഞു.

എന്നാല്‍, കോടതി വിധി വന്നതിന് പിന്നാലെ  പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ടെന്നും സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ല. മാപ്പ് പറഞ്ഞതിനെക്കുറിച്ച് അറിയില്ല. കോടതിയിലെ കാര്യങ്ങള്‍ അഭിഭാഷകനോട് ചോദിക്കുമെന്നും അവര്‍ വ്യക്തമാക്കി.

എം ബി രാജേഷിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോൾ ഇത്ര പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ഭണ്ഡാരത്തിലിടാതെ മാറ്റിവച്ച തുക ഇനി സർക്കാരിലേക്കടക്കാം.പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സർക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതി.ഹൈക്കോടതിയിൽ അനാവശ്യവാദങ്ങൾ ഉയർത്തി കോടതിയുടെ സമയം മെനക്കെടുത്തിയതിനാണ് പിഴ. ചാനലുകളിൽ വന്നിരുന്ന്‌പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിനും അനാവശ്യ വാദങ്ങൾ ഉയർത്തുന്നതിനും പിഴയിട്ടിരുന്നെങ്കിൽ ചാനലുകൾക്കും ഒരു നല്ല വരുമാനമാവുമായിരുന്നു. ഇനിയും അത് ആലോചിക്കാവുന്നതാണ്‌.
 

Follow Us:
Download App:
  • android
  • ios