എംബിഎ വിദ്യാര്‍ത്ഥികള്‍ മരിച്ചു ഭക്ഷണം കഴിച്ചശേഷം ഛര്‍ദിക്കുകയായിരുന്നു

ഷിംല:ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച എംബിഎ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയിലാണ് സംഭവം. ധര്‍മ്മശാലയിലെ എംബിഎ വിദ്യാര്‍ത്ഥികളായ ദിക്ഷ (22), വന്ദന (21) എന്നിവരാണ് മരിച്ചത്. വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. രാത്രി ഒന്‍പത് മണിക്കും പത്ത് മണിക്കും ഇടയില്‍ ഇരുവരും ഭക്ഷണം കഴിക്കുകയും കുറച്ച് സമയത്തിനുള്ളില്‍ വന്ദനക്ക് ഛര്‍ദി തുടങ്ങുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 

വീട്ടുടമയെ ദിക്ഷ വിവരം അറിയിച്ചിരുന്നു. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ ദിക്ഷക്കും ഛര്‍ദി ആരംഭിച്ചു. ഇതോടെ ഇരുവരെയും ധര്‍മ്മശാലയിലെ ഒരു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ ഇരുവരും മരണപ്പെട്ടു. അറിയാതെ വിഷം ഉള്ളില്‍ ചെന്നതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.