തിരുവനന്തപുരം: ക്രിസ്ത്യന്‍ മെഡിക്കൽ മാനേജ്മെന്‍റ് അസോസിയേഷന് കീഴിലെ നാലു കോളേജുകളിൽ എംബിബിഎസ് കോഴ്സിനുള്ള ഫീസ് 4.85 ലക്ഷമാക്കി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ ഉത്തരവിട്ടു. അഞ്ച് ലക്ഷം രൂപ ഫീസിലാണ് നാലു കോളേജുകളും ഈ വർഷം പ്രവേശനം നടത്തിയത്. കമ്മീഷന് ഫീസ് തീരുമാനിക്കാൻ അധികാരമില്ലെന്ന് ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ പ്രതികരിച്ചു.
പുഷ്പഗിരി, കോലഞ്ചേരി, അമല, ജൂബിലി മെഡിക്കൽ കോളേജുകളിലെ ഫീസാണ് നിശ്ചയിച്ചത്. കോളേജുകൾ നൽകിയ വരവ് ചെലവ് കണക്ക് പരിശോധിച്ചാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്റെ ഉത്തരവ്. നാലിടത്തും ഈ വർഷം 4.85 ലക്ഷം ഏകീകൃതഫീസ്. എൻആർഐ ക്വാട്ടാ ഫീസ് 18ലക്ഷം. അടുത്ത വർഷത്തെ ഫീസ് 5.60 ലക്ഷം.
അടുത്ത വർഷത്തെ എൻആർഐ ഫീസ് 20 ലക്ഷം. അഞ്ച് ലക്ഷം ഏകീകൃത ഫീസിലായിരുന്നു നാലിടത്തും ഈ വർഷം പ്രവേശനം നടത്തിയത്. അധികമായി ഈടാക്കിയ 15000 രൂപ അടുത്ത വർഷത്തെ ഫീസിനൊപ്പം ചേർക്കും. അതേ സമയം കമ്മീഷന് ഫീസ് നിശ്ചയിക്കാൻ അധികാരമില്ലെന്ന നിലപാടിലാണ് കൃസ്ത്യൻ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ.
സുപ്രീം കോടതി നിശ്ചയിച്ച പ്രകാരം കമ്മീഷൻ പ്രവേശനത്തിനറെ മേൽനോട്ടമാണ് വഹിക്കേണ്ടത്. ഫീസ് നിശ്ചയിക്കാനുള്ള അധികാരം കമ്മീഷന് വിട്ടുള്ള നിയമം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിൽ ഉത്തരവ് വരാനിരിക്കെയാണ് ഫീസ് തീരുമാനിച്ചതെന്നും അസോസിയേഷൻ വിമർശിച്ചു.
നേരത്തെ കെഎംസിടി കോളേജിലെ ഫീസ് 4.80 ലക്ഷം ആയി കമ്മീഷൻ നിശ്ചയിച്ചിരുന്നു. ഇതിനെതിരെ മാനേജ്മെന്‍റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിന് പിന്നാലെയാണ് കൂടുതൽ മാനേജ്മെന്റുകളും കമ്മീഷനെതിരെ രംഗത്തെത്തുന്നത്
