തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി 'മിന്നല്‍' സര്‍വീസിനെതിരെ വനിതാ കമ്മിഷന്‍ രംഗത്ത്. അര്‍ധരാത്രിയില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് വീടിനടുത്തുള്ള സ്‌റ്റോപ്പില്‍ ഇറങ്ങാനായി 'മിന്നല്‍' ബസ് നിര്‍ത്താതിരുന്ന സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണണെന്നാവശ്യപ്പെട്ട് വനിതാകമ്മീഷന്‍ കത്തയച്ചു.

സമയോചിതമായും മാനുഷികമായും പെരുമാറുന്നതില്‍ ബസ് ജീവനക്കാര്‍ക്ക് വീഴ്‌യുണ്ടായെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ എ.ഹേമചന്ദ്രന് കത്തയച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കത്തിലുള്ളത്.

പെണ്‍കുട്ടിയുടെ സുരക്ഷയെ കുറിച്ച് തികഞ്ഞ അവഗണനയാണ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. രാത്രി കാലങ്ങളില്‍ ഏതു തരത്തിലുള്ള ബസിലായാലും തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണം. ഇതിനാവശ്യമായ തരത്തില്‍ യാത്രയുടെ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നു. ആ കുട്ടി അനുഭവിച്ച മാനസിക സമ്മര്‍ദ്ദം ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് മനസിലാകും. ചട്ടങ്ങളും നിയമങ്ങളും പാലിക്കണം, പക്ഷെ സ്ത്രീകള്‍ക്ക് രാത്രി യാത്ര നിഷേധിക്കുന്ന തരത്തിലാവരുത്. എല്ലാ ബസിലും സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ രാത്രി ബസ് നിര്‍ത്തണമെന്നും ഇക്കാര്യം കെഎസ്ആര്‍ടിസി എംഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.