തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ വാക്‌സിനേഷന്‍ യജ്ഞത്തിന് നാളെ തുടക്കമാകും. കുട്ടികള്‍ക്ക് സൗജന്യ എം.ആര്‍. (മീസില്‍സ്-റുബെല്ല) വാക്‌സിനുകള്‍ നാളെ മുതല്‍ ഒരു മാസം നല്‍കും. ഒമ്പത് മാസം മുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഒരു ഡോസ് എന്ന കണക്കില്‍ എം.ആര്‍. വാക്‌സിന്‍ നല്‍കുന്നത്.
ഇത് സംബന്ധിച്ച സംശയനിനിവാരണത്തിനും കൂടുതല്‍ അറിയുന്നതിനും 1056 എന്ന നമ്പറില്‍ വിളിക്കാം. റുബെല്ല വാക്‌സിന്റെ ആവശ്യകതയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും വിദഗ്ദര്‍ ബോധവല്‍ക്കരണം നടത്തും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്പബുക്ക് പേജില്‍ വാക്‌സിനേഷന്‍ നാളെ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും മരണം വരെ സംഭവിക്കാവുന്ന രോഗമായ അഞ്ചാം പനിയും, ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ബാധിക്കുന്ന റുബെല്ല രോഗവും തടയാന്‍ ഒരു ഡോസ് വാക്‌സിന്‍ എടുക്കുന്നതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ വ്യക്തമാക്കുന്നു. രോഗാവസ്ഥയെ കുറിച്ചും അതിന്റെ പരിണത ഫലങ്ങളെ കുറിച്ചും പോസ്റ്റില്‍ വിവരിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എം.ആര്‍. വാക്‌സിന്‍ വിതരണത്തിലൂടെ പൊതുജനാരോഗ്യരംഗത്ത് ഒരു വലിയ ചുവടുവയ്പ്പ് നടത്തുവാന്‍ പോവുകയാണ് സംസ്ഥാനസര്‍ക്കാര്‍. നാളെ മുതല്‍ ഒരു മാസത്തേക്ക് സംസ്ഥാനത്തെ ഒമ്പത് മാസം മുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും എം.ആര്‍. വാക്‌സിന്റെ ഒരു ഡോസ് ആയിരിക്കും നല്‍കുക. വാക്‌സിനേഷനെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും തീര്‍ക്കുന്നതിന് 1056 എന്ന നമ്പറില്‍ വിളിച്ചാല്‍ മതിയാകും.
എം.ആര്‍. (മീസില്‍സ്-റുബെല്ല) വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമെന്ന് ശാസ്ത്രീയപരീക്ഷണങ്ങളിലൂടെ പലയാവര്‍ത്തി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മരണത്തില്‍ വരെ എത്താവുന്ന രോഗമാണ് മീസില്‍സ് അഥവാ അഞ്ചാം പനി. അമ്മമാരിലൂടെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് പകരുന്ന അസുഖമാണ് റുബെല്ല. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ മാരകമായി ബാധിക്കുന്ന അസുഖമാണിത്. അങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് അംഗവൈകല്യം, ബധിരത, അന്ധത എന്നിവ സംഭവിക്കാം. എന്നാല്‍, എം.ആര്‍ വാക്‌സിന്റെ ഒരൊറ്റ ഡോസ് കൊണ്ട് ഈ രണ്ട് മാരക അസുഖങ്ങളില്‍ നിന്നും നമ്മുടെ കുട്ടികള്‍ക്ക് സംരക്ഷണം ലഭിക്കും.
ഐശ്വര്യപൂര്‍ണമായ ഒരു നാളേയ്ക്ക് വേണ്ടി ആരോഗ്യമുള്ള യുവതലമുറയാണ് വേണ്ടത്. കേരളത്തിലെ എല്ലാ കുട്ടികള്‍ക്കും എം.ആര്‍. വാക്‌സിന്‍ നല്‍കി ഈ വാക്‌സിനേഷന്‍ യജ്ഞം വിജയിപ്പിക്കണം. രാജ്യത്തിനായി പുതിയൊരു മാതൃക കൂടി നമുക്ക് സൃഷ്ടിക്കാം.
