ന്യൂഡല്‍ഹി: നോമ്പെടുക്കുന്ന മുസ്ലീങ്ങള്‍ മാംസാഹാരം കഴിക്കരുതെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. പ്രവാചകന്‍ മാംസാഹാരത്തിന് എതിരായിരുന്നുവെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ആര്‍എസ്എസിന്റെ മുസ്ലീം വിങ്ങായ മുസ്ലീം രാഷ്ട്രീയ മഞ്ച് ജാമിയാ സരവ്വകലാശായില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് മാംസാഹാരം കഴിക്കരുതെന്നുള്ള ആഹ്വാനം.
മാംസം രോഗം പരത്തുന്നവയാണെന്നും മാംസത്തിന് പകരം നോമ്പ് കാലത്ത് ധാരാളം പശുവിന്‍ പാല് ഉപയോഗിക്കണമെന്നും ഇന്ദ്രേഷ് പറഞ്ഞു. പ്രാതലിനൊപ്പം പശുവിന്‍ പാല് ഉപയോഗിക്കണമെന്നും ഈ വിശ്വാസം ഇസ്ലാമിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ മാസത്തില്‍ സ്വന്തം പരിസര പ്രദേശത്തും, പള്ളിയിയ്ക്കും ദര്‍ഗയ്ക്കും സമീപം മരങ്ങള്‍ വെച്ചു പിടിപ്പിക്കണം. അങ്ങനെ ചെയ്താല്‍ മലിനീകരണം ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കാം. വീടിന്റെ പരിസരത്ത് തുളസിച്ചെടി നട്ടുപിടിപ്പിക്കണം എന്നീ നിര്‍ദ്ദേശങ്ങളും ഇന്ദ്രേഷ് മുന്നോട്ടുവച്ചു. ഇസ്ലീമിനെ മനോഹരമാക്കാനാണ് അല്ലാതെ മോശമാക്കാനല്ല ഇന്ത്യയിലെ മുസ്ലീങ്ങള്‍ ശ്രമിക്കേണ്ടതെന്നും കുമാര്‍ ആവശ്യപ്പെട്ടു. നേരത്തേയും ഇന്ദ്രേഷ് കുമാര്‍ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ബലാത്സംഗവും ഗാർഹിക പീഡനവും വർധിച്ചുവരാൻ കാരണം വാലന്‍റൈന്‍സ് ഡേ ഉള്‍പ്പെടെയുള്ള പാശ്ചാത്യ സംസ്കാരമാണെന്നായിരുന്നു കഴിഞ്ഞദിവസം ഇദ്ദേഹത്തിന്‍റെ വിവാദപ്രസ്താവന. മുത്തലാഖിന് കാരണം പാശ്ചാത്യ സ്വാധീനമാണെന്നും ഇന്ദ്രേഷ് ആരോപിച്ചിരുന്നു. ബീഫ് ഫെസ്റ്റിലിനെയും കഴിഞ്ഞ ദിവസം ഇന്ദ്രേഷ് വിമർശിച്ചിരുന്നു. ബീഫ് ഫെസ്റ്റിൽ പങ്കെടുക്കുന്നവർ രാജ്യത്തിന് നാണക്കേടുണ്ടാക്കുകയാണെന്നും അത് മാനവികതക്കെതിരായ പ്രവർത്തിയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.
