Asianet News MalayalamAsianet News Malayalam

എന്‍.ഡി.ടി.വി നിരോധനത്തിനെതിരെ പ്രതിഷേധവുമായി മാധ്യമ ലോകം

media community protests against ndtv ban by government
Author
New Delhi, First Published Nov 5, 2016, 1:34 PM IST

നവംബര്‍ 9, ഒരിക്കലും കറുത്ത ദിനം ആകരുതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഇന്ന് പുറത്തിറങ്ങിയ ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ ഭൂരിഭാഗവും മുഖപ്രസംഗമെഴുതിയത്. സര്‍ക്കാരിന്റെ നടപടി അടിയന്തിരാവസ്ഥയുമായി ചേര്‍ത്തുവായിക്കാവുന്നതായിരുന്നു മുഖപ്രസംഗങ്ങള്‍. വാര്‍ത്തകളിലൂടെ ഭരണകൂടത്തെയും വാര്‍ത്തകളെ ഭരണകൂടവും വിമര്‍ശിച്ചേക്കാം, എന്നാല്‍ വാര്‍ത്തകള്‍ ഇല്ലാതാക്കാന്‍ ഭരണകൂടം ഒരിക്കലും ശ്രമിക്കരുതെന്ന് മുഖപ്രസംഗങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. എന്‍.ഡി.ടി.വിക്കെതിരെയുള്ള നിരോധനമാണ് ഇന്ന് പുറത്തിറങ്ങിയ ടെലഗ്രാഫ് ദിനപത്രത്തിന്റെ മുഖ്യവാര്‍ത്തയായത്. 

അതേസമയം രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് എന്‍.ഡി.ടി.വി ഇന്ത്യക്ക് ഒരു ദിവസത്തെ നിരോധനമെന്നും അതിനെ അടിയന്തിരാവസ്ഥയോട് ചേര്‍ത്ത് വായിക്കരുതെന്നും കേന്ദ്ര വാര്‍ത്തവിതരണ മന്ത്രി വെങ്കയ്യനായിഡു പ്രതികരിച്ചു. മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യുന്ന സര്‍ക്കാര്‍ നടപടി രാജ്യത്തിന്റെ ജനാധിപത്യസംസ്കാരം തന്നെ തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പത്താന്‍കോട്ട് സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ഭീകര്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തിന്  തൊട്ടടുത്ത് ആയുധപ്പുര ഉണ്ടെന്നും അതിനകത്തേക്ക് ഭീകരര്‍ കടന്നാല്‍ അവരെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞേക്കില്ല എന്നും എന്‍.ഡി.ടി.വി ഇന്ത്യ തല്‍സമയ സംപ്രേക്ഷണത്തിനിടെ പറഞ്ഞതാണ് ഇപ്പോഴത്തെ നിരോധനത്തിന് കാരണം. എന്നാല്‍ ചാനല്‍ പറഞ്ഞ സ്ഥലത്ത് ഭീകരരോ, പറഞ്ഞ കെട്ടിടത്തിനകത്ത് ആയുധങ്ങളോ ഉണ്ടായിരുന്നില്ല. അപ്പോള്‍ പിന്നെങ്ങനെ ചാനലിന്റെ പരാമര്‍ശം രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. സര്‍ക്കാര്‍ നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.

Follow Us:
Download App:
  • android
  • ios