ശബരിമലയിൽ യുവതികൾ പ്രവേശിച്ച് ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ മാധ്യമപ്രവർത്തകർക്ക് നേരെ പരക്കെ അക്രമം. സംസ്ഥാനമെമ്പാടും മാധ്യമപ്രവർത്തകരെ ഉന്നമിട്ട് ആക്രമിക്കുകയായിരുന്നു ഹർത്താലനുകൂലികൾ. അക്രമങ്ങളും കല്ലേറും ചിത്രീകരിക്കുന്ന മാധ്യമപ്രവർത്തകരെ ഇന്നലെ മുതൽക്ക് തന്നെ ആക്രമിക്കാൻ തുടങ്ങിയിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് പരിക്ക്

ഹര്‍ത്താലിനിടെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെയാണ് അക്രമികൾ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞത്. സെക്രട്ടേറിയറ്റിന് സമീപം നടന്ന മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. തിരുവനന്തപുരം മരുതംകുഴിയിൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാഹനം അക്രമികൾ അടിച്ചുതകർത്തു.

സെക്രട്ടേറിയറ്റിൽ വച്ച് ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജു മാവേലിക്കരയ്ക്ക് പരിക്കേറ്റു. ന്യൂസ് 18 ഉള്‍പ്പെടെയുള്ള ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രകടനക്കാര്‍ തിരിഞ്ഞത്.

തിരുവനന്തപുരം പുളിമൂട് ജംഗ്ഷനടുത്ത് വച്ച് മാർച്ച് നടത്തുന്ന ബിജെപി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ഥലത്തുള്ള പന്തലുകളും സിപിഎമ്മിന്‍റെ ഫ്ലക്സുകളും തല്ലിത്തകർക്കുന്ന ദൃശ്യങ്ങളെടുക്കവെയാണ് പ്രവർത്തകർ മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞത്. ഈ ദൃശ്യങ്ങൾ പകർത്തവെ ഞങ്ങളുടെ ക്യാമറാമാൻ ബൈജുവിനെ പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. പരിക്കേറ്റ ബൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലത്ത് മാധ്യമപ്രവർത്തകർക്ക് നേരെ അക്രമമുണ്ടായി. മംഗളം പത്രത്തിലെ ജയമോഹൻ തമ്പിക്കും ജനയുഗം പത്രത്തിലെ സുരേഷ് ചൈത്രത്തിനും പരിക്കേറ്റു. അക്രമികൾ വാഹനം തടയുന്നതിന്‍റെയും കടകൾ അടപ്പിയ്ക്കുന്നതിന്‍റെയും ദൃശ്യങ്ങളെടുക്കാൻ ശ്രമിക്കവെയാണ് ആക്രമണം. 

പാലക്കാട് തുടരെ സംഘർഷമുണ്ടായതിനിടെ ന്യൂസ് 18 റിപ്പോർട്ടറെ ശബരിമല കർമസമിതി പ്രവർത്തകർ ആക്രമിച്ചു. ബ്യൂറോ റിപ്പോർട്ടർ പ്രസാദ് ഉടുമ്പിശ്ശേരിക്കാണ് പരിക്കേറ്റത്. 

: കൊല്ലത്ത് പരിക്കേറ്റ മാധ്യമപ്രവർ‍ത്തകൻ

ചെറുതുരുത്തിയിൽ ബിജെപി പ്രവർത്തകർ പൊലീസിന് നേരെ കല്ലേറുണ്ടായി. മാധ്യമപ്രവർത്തകർക്ക് നേരെയും പ്രവർത്തകർ കല്ലെറിഞ്ഞു. കോഴിക്കോട്ട് മിഠായിത്തെരുവിൽ നടന്ന സംഘർഷത്തിനിടെയും ശബരിമല കർമസമിതി പ്രവർത്തകർ മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞു.

ഇന്നലെ കോഴിക്കോട്ട് റിപ്പോർട്ടർ ടിവി ഓഫീസ് ശബരിമല കർമസമിതി പ്രവർത്തകർ മാർച്ചിനിടെ കല്ലെറിഞ്ഞ് തകർത്തിരുന്നു. മാർച്ചിന്‍റെ ദൃശ്യങ്ങൾ ചാനൽ ഓഫീസിന് മുന്നിൽ നിന്ന് പകർത്തുകയായിരുന്ന ക്യാമറാമാന് നേരെ ഒരു സംഘമാളുകൾ കൈ ചൂണ്ടി കല്ലെറിയുകയായിരുന്നു. വനിതാ റിപ്പോർട്ടർ സുസ്മിതയുടെ ഫോൺ പിടിച്ച് വാങ്ങി. ബ്യൂറോ ചീഫ് രാഹുലിനേയും ക്യാമറാമാൻമാരായ മഹേഷ്, വിനീഷ്, വിഷ്വൽ എഡിറ്റർ വിഷ്ണു എന്നിവരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

മാർച്ചിന്‍റെ ദൃശ്യങ്ങളെടുക്കുകയായിരുന്ന 24 ന്യൂസ് ക്യാമറാമാൻ സുബൈറിനെയും ഇന്നലെ അക്രമികൾ വളഞ്ഞിട്ട് മർദ്ദിച്ചു.

അപലപിച്ച് സ്പീക്കർ

മാധ്യമപ്രവർത്തകർക്കെതിരായ അക്രമത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അപലപിച്ചു. മാധ്യമങ്ങൾക്കെതിരായ ആക്രമണം ജനാധിപത്യവിരുദ്ധമെന്ന് സ്പീക്കർ പറഞ്ഞു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ നടത്തുന്ന ഹർത്താൽ കേരളത്തെ ലോകത്തിന് മുൻപിൽ ലജ്ജിപ്പിക്കുന്നെന്നും സ്പീക്കർ പറഞ്ഞു.