കോട്ടയം: കാറ് മോഷണത്തിന് പിടിയിലായ മാധ്യമവിദ്യാര്‍ത്ഥിനിയും സുഹൃത്തും മോഷണത്തിനിറങ്ങിയത് ലഹരിക്ക് പണം കണ്ടെത്താനെന്ന് വെളിപ്പെടുത്തല്‍. കോട്ടയത്ത് മാധ്യമ വിദ്യാര്‍ത്ഥിനിയായ ആലുവ സ്വദേശിനി രേവതി കൃഷ്ണ (21), സുഹൃത്ത് ചെങ്ങന്നൂര്‍ സ്വദേശി ജുബല്‍ വര്‍ഗീസ് (26), ഇയാളുടെ സഹോദരന്‍ ജെത്രോ വര്‍ഗീസ് എന്നിവരാണ് മോഷണത്തിന് പിടിയിലായത്. മുംബൈയിലെ ധാരാവിയില്‍ നിന്നുമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. 

കോട്ടയം കളക്ടറേറ്റിന് സമീപം താമസിക്കുന്ന ഡോ. ബേക്കര്‍ മത്തായി ഫെന്നിന്റെ സ്‌കോഡ കാറും ലാപ് ടോപ്പുമാണ് സംഘം മോഷ്ടിച്ചത്. ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഫെന്‍ ഹാള്‍ ഹോം സ്‌റ്റേയില്‍ നിന്നുമാണ് കാറും ലാപ്പും മോഷണം പോയത്. സംഭവത്തെ തുടര്‍ന്ന് സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ തുമ്പ് കണ്ടെത്താനായില്ല. ഇതേതുടര്‍ന്നാണ് മുവരെയും കാണാനില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കള്‍ രേവതിയും സുഹൃത്തും സഹോദരനുമാണെന്ന് വ്യക്തമായി. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. മൂവരും കഞ്ചാവിന് അടിമകളാണെന്നും കഞ്ചാവ് വലിക്കാന്‍ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.