ഇടുക്കി മെഡിക്കല്‍ കോളേജ് അടുത്ത അധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
ഇടുക്കി മെഡിക്കല് കോളേജില് അടുത്ത അധ്യായന വര്ഷം ക്ലാസ്സുകള് ആരംഭിക്കും. ഇതിനു പറ്റുന്ന വിധത്തില് കോളേജ് സജ്ജമാക്കാന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതല യോഗത്തില് തീരുമാനമായി. കോളേജില് ക്ലാസുകള് നടത്തുന്നതിനു പാരിസ്ഥിതിക അനുമതി ആവശ്യമാണ്. ഇതിനുള്ള തടസ്സങ്ങള് നീക്കാന് വേണ്ട കാര്യങ്ങള് ചെയ്യാനും യോഗത്തില് തീരുമാനമായി.
ക്ലാസുകള് തുടങ്ങുന്നതിനു ആവശ്യമായ തസ്തികകള് ഉടന് സൃഷ്ടിക്കാനും ജില്ലാ പഞ്ചായത്തിനു കീഴിലുള്ള 40 ഏക്കര് ഭൂമി കോളേജിനു കൈമാറാനും വേണ്ട നടപടി ഉടന് കൈക്കൊള്ളും. 2015ല് ആണ് സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടികാണിച്ചു മെഡിക്കല് കൗണ്സില് ഓഫ് ഇന്ത്യ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത്. 2014 സെപ്റ്റംബറില് കോണ്ഗ്രസ് സര്ക്കാര് തുടങ്ങിയ കോളേജില് ആ വര്ഷവും പിന്നത്തെ വര്ഷവും 50 വീതം വിദ്യാര്ത്ഥികള്ക്കു പ്രവേശനം നല്കിയിരുന്നു. കോളേജിന് അംഗീകാരം നഷ്ടപ്പെട്ടപ്പോള് വിദ്യാര്ത്ഥികള്ക്ക് മറ്റു കോളേജുകളില് പ്രവേശനം നല്കുകയും ജീവനക്കാരെ പുനര്വിന്യസിക്കുകയും ചെയ്തു.
മലയോര മേഖലയായ ഇടുക്കിയില് ഒരു മെഡിക്കല് കോളേജ് അത്യാവശ്യമാണ് എന്നതിനാല് ഇടതു സര്ക്കാര് ആശുപത്രി വിപുലീകരിക്കാന് വേണ്ട പദ്ധതി ആവിഷ്ക്കരിക്കുകയായിരുന്നു. നിലവില് ഒന്നാം വര്ഷ എംബിബി.എസ് ക്ലാസ്സ് നടത്താന് ആവശ്യമായ പ്രീ ക്ലിനിക്കല് സൗകര്യങ്ങള് കോളേജില് ഉണ്ട്. മതിയായ കിടക്കകള് ഇല്ല എന്നതാണ് മെഡിക്കല് കൗണ്സില് ചൂണ്ടിക്കാണിച്ച പ്രധാന കുറവ്. ഇത് പരിഹരിക്കാന് 60 കോടി രൂപയുടെ ഫണ്ട് ആണ് സര്ക്കാര് അനുവദിച്ചിരിക്കുന്നത്. ഒന്നാമത്തെ ബ്ലോക്കിന്റെ പണി പൂര്ത്തിയായിക്കഴിഞ്ഞു. പാത്തോളജി, മൈക്രോ ബയോളജി, കമ്മ്യൂണിറ്റി മെഡിസിന്, ഫോറന്സിക്ക് മെഡിസിന് എന്നിവയുള്പ്പെടുന്ന അക്കാദമിക് ബ്ലോക്കിന്റെ പണി ഒരു മാസത്തിനകം പൂര്ത്തിയാകും.
ജീവനക്കാരുടെ ക്വാര്ട്ടേഴ്സിനും വിദ്യാര്ത്ഥികളുടെ ഹോസ്റ്റലിനുമായി 92.14 കോടി അനുവദിച്ചിട്ടുണ്ട്. മെഡിക്കല് കോളേജിന് ആവശ്യമായ ജീവനക്കാരുടെ കണക്ക് നല്കാന് മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. കോളേജിന് ആവശ്യമായ ഉപകരണങ്ങള് വാങ്ങുന്ന ചുമതല കിറ്റ്കോക്ക് ആയിരിക്കും.
