തിരുവനന്തപുരം: ബിജെപിയെ ദേശീയതലത്തില്‍ തന്നെ വലിയ പ്രതിരോധത്തിലാക്കിയ മെഡിക്കല്‍ കോഴവിവാദം ബിജെപിയില്‍ വീണ്ടും പുകയുന്നു. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപിച്ച് ബിജെപി സംഘടനാ സംവിധാനത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ നീക്കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. വി.വി.രാജേഷിനെതിരായ നടപടിയില്‍ മുരളീധരപക്ഷത്തിന് അതൃപ്തി. വിശദീകരണം തേടാതെ നടപടിയെന്ന് വിമര്‍ശനം.

സാധാരണഗതിയില്‍ ബിജെപിയിലെ സംഘടനാ സംവിധാനം അനുസരിച്ച് ഒരു അംഗത്തിനെതിരെ അച്ചടക്കനടപടി എടുക്കണമെങ്കില്‍ അയാളുടെ വിശദീകരണം തേടി 15 ദിവസത്തിനകം വിശദീകരണം ലഭിച്ച ശേഷമേ നടപടി എടുക്കാനാവൂ. എന്നാല്‍ ബിജെപി നേതൃത്വം ഇത് വരെ വി.വി.രാജേഷിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. വി.വി. രാജേഷ് അന്വേഷണ കമ്മീഷന്‍ അംഗമല്ല. പിന്നെങ്ങിനെ റിപ്പോര്‍ട്ട് രാജേഷ് ചോര്‍ത്തി എന്നാണ് മുരളീധര പക്ഷം ചോദിക്കുന്നത്.

അന്വേഷണ റിപ്പോര്‍ട്ട് എങ്ങിനെ ചോര്‍ന്നു എന്ന് നേതൃത്വം പാര്‍ട്ടിയിലും വിശദീകരിക്കുന്നില്ല. അഴിമതിയേക്കാള്‍ വലുത് റിപ്പോര്‍ട്ട് ചോര്‍ത്തിയതാണ്. അഴിമതിക്കാരെ സംരക്ഷിക്കുകയാണ് നേതൃത്വമെന്നും മുരളീധരപക്ഷം കുറ്റപ്പെടുത്തുന്നു. ചോര്‍ച്ചയെ കുറിച്ച് കൃത്യമായ വിശദീകരണം ഇല്ല. അഴിമതിക്കാരെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഇതോടെ ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.