തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ബിജെപി പ്രതിരോധത്തിയാരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തിന് പുറമെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് സാധ്യതയുണ്ട്. വിവാദം കൊടുമ്പിരി കൊള്ളുമ്പോള്‍ നാളെ ചേരാനിരുന്ന ബിജെപി കോര്‍ കമ്മറ്റി യോഗം റദ്ദാക്കി.

ശനിയാഴ്ച ചേരാനിരുന്ന സംസ്ഥാന കമ്മിറ്റിയും മാറ്റി. നാളെ തിരുവന്തപുരത്ത് ഭാരവാഹിയോഗം ചേരും. പനി ബാധിച്ച കുമ്മനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണിതെന്നാണ് പാര്‍ട്ടി വിശദീകരണം. എന്നാല്‍ കേന്ദ്ര തീരുമാനം കൂടി വന്നിട്ട് സംസ്ഥാനത്ത് ചര്‍ച്ച ചെയ്യാമെന്ന ആലോചനയുടെ ഭാഗമാണിതെന്നും സൂചനയുണ്ട്

മെഡിക്കല്‍ കോഴയില്‍ ആടിയുലഞ്ഞ് നില്‍ക്കുകയാണ് ബിജെപി. േേദശീയ തലത്തില്‍ വരെ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ച സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം എതെങ്കിലും കേന്ദ്ര ഏജന്‍സിയെ തന്നെ അന്വേഷണമെമേല്‍പ്പിക്കുമെന്നാണ് സുചന. സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ അന്വേഷണം വേണമെന്ന് കുമ്മനവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കോഴയെ കുറിച്ചുള്ള തെളിവുകള്‍ ഏത് ഏജന്‍സിക്കും കൈമാറാമെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗം എകെ നസീര്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ ചൊല്ലിയും വിവരങ്ങള്‍ പുറത്തായതിലും സംസ്ഥാന ഘടകത്തിലെ ചേരിപ്പോര് കടുത്തു. തന്നെ കുടുക്കാന്‍ ബോധപൂര്‍വ്വമായ നീക്കമുണ്ടായെന്നാണ് എംടി രമേശിന്റെ നിലപാട്. നടപടി ആര്‍എസ് വിനോദില്‍ മാത്രം ഒതുക്കരുതെന്നാണ് മുരളീധരപക്ഷത്തിന്റെ ആവശ്യം. 

രമേശിനെ കുടുക്കാന്‍ തന്നെ ഇരയാക്കിയെന്നാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ആര്‍എസ് വിനോദ് പറയുന്നത്.വരും ദിവസം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും വിനോദ് ന്യൂസ് അവറില്‍ വ്യക്തമാക്കിയിരുന്നു. ഇതൊക്കെ കോഴക്കണ്ണിയില്‍ പെട്ട നേതാക്കള്‍ ഇനിയമുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.