ബി പോസിറ്റീവ് രക്തത്തിന് പകരം ആശുപത്രിയില്‍നിന്ന് നല്‍കിയത് ഒ പോസിറ്റീവ് രക്തം

ഹൈദരാബാദ്: ബി പോസിറ്റീവ് രക്തത്തിന് പകരം ആശുപത്രിയില്‍നിന്ന് കുഞ്ഞിന് ഒ പോസിറ്റീവ് രക്ത ഗ്രൂപ്പ് നല്‍കിയതിനെ തുടര്‍ന്ന് അണുബാധയേറ്റ് മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു. പനിയെ തുടര്‍ന്ന് രക്ഷിതാക്കള്‍ മൂന്ന് മാസം പ്രായമായ ധ്രുവിനെ ഹൈദരാബാധിലെ നിലോഫര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യുകയും രക്തം മാറ്റുകയും ചെയ്തു. ഒ പോസിറ്റീവ് രക്ത ഗ്രൂപ്പാണ് കുഞ്ഞിനെന്ന് വ്യക്തമാക്കിയ ആശുപത്രി അധികൃതര്‍ കുഞ്ഞിന് അതേ രക്തമാണ് നല്‍കിയത്. 

വീണ്ടും നിലോഫറില്‍ കുഞ്ഞുമായെത്തിയ രക്ഷിതാക്കളോട് രക്തമില്ലാത്തിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മറ്റൊരു ആശുപത്രിയിലെത്തിയപ്പോഴാണ് കുഞ്ഞിന്‍റേത് ബി പോസിറ്റീവ് രക്ത ഗ്രൂപ്പാണെന്നും രക്തം മാറി നല്‍കിയെന്നും മനസ്സിലായത്. കുഞ്ഞിന്‍റെ നില ഗുരുതരമാകുകയും രക്തത്തില്‍ അണുബാധയുണ്ടായി കുഞ്ഞ് മരിക്കുകയും ചെയ്തു. കുഞ്ഞിന് അണുബാധയുണ്ടായത് നിലോഫര്‍ ആശുപുത്രിയില്‍നിന്നാണെന്ന് കുഞ്ഞിന്‍റെ പിതാവ് മഹേഷ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ധ്രുവിന്‍റെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയക്ക് മുമ്പില്‍ പ്രതിഷേധിച്ചു. 

അതേസമയം ആന്‍റിജനും ആന്‍റിബോഡിയും വ്യക്തമാകാത്ത സാഹചര്യത്തില്‍ ആറ് മാസം വരെ കുഞ്ഞുങ്ങളുടെ രക്ത ഗ്രൂപ്പ് കൃത്യമായി നിര്‍ണ്ണയിക്കാനാകില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. അണുബാധ ഉണ്ടായത് നിലോഫര്‍ ആശുപത്രിയില്‍ വച്ചല്ലെന്നും അധികൃതര്‍ പറയുന്നു.