തിരുവനന്തപുരം : പ്രവേശന നടപടികള്‍ ഇന്ന് അവസാനിക്കാനിരിക്കെ മെഡിക്കല്‍ പിജി കോഴ്‌സില്‍ 90 സീറ്റുകളില്‍ ആളില്ല. സ്‌പോട്ട് അഡ്മിഷന്‍ തീര്‍ന്നിട്ടും ഇത്രയേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് ഇതാദ്യമായാണ്. ഫീസ് കുത്തനെ കൂട്ടിയത് സീറ്റുകള്‍ കാലിയാകാനുള്ള പ്രധാന കാരണമാണ്.

മെഡിക്കല്‍ പിജി സ്‌പോട്ട് അഡ്മിഷന് അപേക്ഷിച്ചത് 4785 പേര്‍. പ്രവേശനത്തിനെത്തിയത് 905 വിദ്യാര്‍ത്ഥികള്‍ . പുതിയ അഡ്മിഷനും സീറ്റ് മാറലുമൊക്കെയായി സ്‌പോട്ട് കഴിഞ്ഞപ്പോള്‍ ഒഴിഞ്ഞ് കിടക്കുന്നത് 90 സീറ്റുകള്‍. ഒഴിവുകള്‍ കൂടുതലും നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍. മുന്‍വര്‍ഷം പിജി സ്‌പോട്ട് അഡ്മിഷന്‍ തീര്‍ന്നപ്പോള്‍ ഒഴിവു വന്നത് പതിനൊന്ന് സീറ്റുകള്‍ . ഇത്തവണ ആളില്ലാ സീറ്റുകള്‍ കൂടാനുള്ള കാരണം കുത്തനെ കൂടിയ ഫീസ്. ആറര ലക്ഷം മാറ്റി 14 ലക്ഷം ഏകീകൃതഫീസാണ് പിജി പഠനത്തിന് താല്പര്യമുള്ളവര്‍ക്ക് മുന്നിലെ വിലങ്ങുതടി.

സ്‌പോട്ട് അഡ്മിഷന് ശേഷം സ്വാശ്രയ കോളേജില്‍ ഒഴിവുള്ള സീറ്റില്‍ മാനേജ്‌മെന്റിന് സര്‍ക്കാര്‍ മാനദണ്ഡം പാലിച്ച് പ്രവേശനം നടത്താം. പക്ഷെ ഇന്ന് വൈകീട്ടോടെ എല്ലാ പ്രവേശന നടപടികളും അവസാനിപ്പിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ചുരുങ്ങിയ സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥികളെ കിട്ടില്ലെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. പ്രവേശന നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ വൈകിയതിനെയും മാനേജ്‌മെന്റുകള്‍ വിമര്‍ശിക്കുന്നു. ഇനി സമയപരിധി നീട്ടണമെങ്കില്‍ സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവ് വേണം. അതിനുള്ള സാധ്യത കുറവാണ്.