മെഡിക്കൽ കോഴ അഴിമതിയിൽ ആരോപണ വിധേയനായ അലഹബാദ് ഹൈക്കോടതി ജഡ്ജിയെ കോടതി നടപടികളിൽ നിന്ന് മാറ്റിനിര്‍ത്തും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെതാണ് നിർദ്ദേശം. ജഡ്ജിയെ പുറത്താക്കാനായി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസ് കത്തയക്കും.
ജഡ്ജിമാര്‍ ഉൾപ്പെട്ട മെഡിക്കൽ കോഴ വിവാദം അന്വേഷിക്കാൻ നിയോഗിച്ച മൂന്നംഗ സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് റിപ്പോര്‍ട്ട് നൽകിയിരുന്നു. അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയായ എസ്.എൻ.ശുക്ളക്ക് മെഡിക്കൽ അഴിമതിയിൽ പങ്കുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്വയം വിരമിക്കുകയോ, രാജിവെക്കുകയോ ചെയ്യണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറല്ലെന്നായിരുന്നു ആരോപണ വിധേയനായ ഹൈക്കോടതി ജഡ്ജിയുടെ നിലപാട്.
ഇതോടെയാണ് ഔദ്യോഗിക നടപടികളിൽ നിന്ന് എസ്.എൻ.ശുക്ളയെ മാറ്റിനിര്‍ത്താൻ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നൽകിയത്. ആരോപണ വിധേയനായ ജഡ്ജിയെ പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയക്കാനും ചീഫ് ജസ്റ്റിസ് തീരുമാനിച്ചു. ജഡ്ജിയെ പുറത്താക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചാൽ ഉപരാഷ്ട്രപതി അതിനായി ഒരു സമിതിക്ക് രൂപം നൽകുകയും ഇംപീച്ച്മെന്‍റ് നീക്കം ഉണ്ടാവുകയും ചെയ്യും. അതേസമയം ഇപ്പോൾ ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ തന്നെ മെഡിക്കൽ അഴിമതിയിൽ ആരോപണമുണ്ട്. ഇക്കാര്യം പാര്‍ലമെന്‍റിൽ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷ പാര്‍ടികളുടെ തീരുമാനം.
