ഹൗസ് സര്‍ജന്‍സിയും പോസ്റ്റ് ഗ്രാജുവേഷനും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പന്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേതിന് തുല്യമാക്കണമെന്ന കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ  ( KUHS ) നിര്‍ദേശം പ്രൈവറ്റ് മെഡിക്കല്‍ കോളേജുകള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല.

കൊച്ചി : മിനിമം വേതന നിയമം നടപ്പിലാക്കുന്നതോടെ കേരളത്തിലെ ചില ആശുപത്രികളില്‍ എങ്കിലും നഴ്‌സ്മാര്‍ ഡോക്ടര്‍മാരെക്കാള്‍ ശമ്പളം കൈപ്പറ്റുന്നവരായി മാറും. സംസ്ഥാനത്തെ പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളിലാണ് ഡോക്ടര്‍മാരെക്കാള്‍ ഉയര്‍ന്ന ശമ്പളം നഴ്‌സ്മാര്‍ക്ക് ലഭിക്കുക. 

നൂറു കിടക്കകളുള്ള ആശുപത്രികള്‍ നഴ്‌സ്മാര്‍ക്ക് കുറഞ്ഞത് 20,000 രൂപ ശമ്പളം നല്‍കണമെന്നാണ് വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഹൗസ് സര്‍ജന്‍സിന് 4,500 രൂപയും പോസ്റ്റ് ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 16,000 രൂപയുമാണ് സ്‌റ്റൈപ്പന്റ് ആയി നല്‍കുന്നത്. 

ഹൗസ് സര്‍ജന്‍സിയും പോസ്റ്റ് ഗ്രാജുവേഷനും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പന്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേതിന് തുല്യമാക്കണമെന്ന കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ( KUHS ) നിര്‍ദേശം പ്രൈവറ്റ് മെഡിക്കല്‍ കോളേജുകള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന് 20,000 രൂപയും പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 42,000 രൂപയുമാണ് സ്‌റ്റൈപ്പന്റ്. 

പ്രൈവറ്റ് മെഡിക്കല്‍ കോളേജുകള്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന ശമ്പളം 4,500 മുതല്‍ 16,000 രൂപ വരെയാണ്. മാനേജ്‌മെന്റുകളാണ് ശമ്പളം നിശ്ചയിക്കുന്നത്. പത്ത് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് വാര്‍ഡിലും ഓപ്പറേഷന്‍ തീയറ്ററിലുമായി ഒരു ദിവസം ജോലി ചെയ്യേണ്ടി വരുന്നത്. 

ഇത്ര അധികം ജോലി ഭാരം അനുഭവിക്കുന്ന ഇവരുടെ ശമ്പളം കൂട്ടുന്നതിന് നിരവധി തവണ സര്‍ക്കാരിനോടും യൂണിവേഴ്‌സിറ്റിയോടും അഭ്യര്‍ത്ഥിച്ചിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ലെന്ന് ഓള്‍ കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ രാഹുല്‍ പറഞ്ഞു. സംസ്ഥാനത്തെ 23 പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളിലും ഇതേ അവസ്ഥയാണുള്ളത്. അതിനാല്‍ ഇക്കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനം കൈക്കൊള്ളണമെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യം.