ചെന്നൈ കുണ്ട്രത്തൂരിനടുത്തുള്ള മാധാ മെഡിക്കല്‍ കോളേജിലെ അഞ്ചാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ ഗൗതം സുദര്‍ശനും കൂട്ടുകാരന്‍ ആശിഷ് പോളും ചേര്‍ന്നാണ് തെരുവുനായയോട് ക്രൂരത കാട്ടിയത്. കോളേജ് കെട്ടിടത്തിനു മുകളില്‍ ടെറസിന്റെ കൈവരിയില്‍ ഗൗതം സുദര്‍ശന്‍ നായയെ നിര്‍ത്തി താഴേയ്ക്ക് എറിയുന്ന ദൃശ്യങ്ങള്‍ ആശിഷ് പോള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. സ്ലോ മോഷനില്‍ എഡിറ്റ് ചെയ്താണ് ഗൗതം സുദര്‍ശനും ആശിഷ് പോളും ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ദൃശ്യങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് ഒരു മൃഗാവകാശസംഘടന ഇവര്‍ക്കെതിരെ അമ്പട്ടൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനെത്തുടര്‍ന്നാണ് ഇരുവരും അമ്പട്ടൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീപെരുമ്പുത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവര്‍ക്കും കോടതി ജാമ്യമനുവദിച്ചിട്ടുണ്ട്. അതേസമയം, ഇവര്‍ താഴേയ്‌ക്കെറിഞ്ഞ നായയെ ചില മൃഗസംരക്ഷണപ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തി. കാലിന് പരിക്കേറ്റ ഈ നായയെ സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ വേപ്പേരി വെറ്റിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. നായയുടെ പരിക്ക് ഗുരുതരമല്ലെന്നും ഇതിന് മികച്ച ചികിത്സ തന്നെ നല്‍കി വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.