2013ല്‍ നായ്‌ക്കളുടെ കടിയേറ്റ 88,172 പേരില്‍ 11 പേര്‍ക്ക് ദാരുണാന്ത്യമാണ് സംഭവിച്ചത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആക്രമണകാരികളായ നായ്‌ക്കളുടെ കടിയേറ്റവരുടെ എണ്ണം 1,19,191 ആയി. ഇവരില്‍ 10 പേര്‍ മരണത്തിന് കീഴടങ്ങി. 2015ല്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് കടിയേറ്റപ്പോള്‍ 10 മരണപ്പെട്ടു. ഈ വര്‍ഷം ഓഗസ്റ്റ് പകുതി വരെയുള്ള കണക്കുകളും ഭയപ്പെടുത്തുന്നതാണ്. 51,298 പേര്‍ നായ്‌ക്കളുടെ ആക്രമണത്തിന് ഇരയായി. ആശുപത്രി സെല്ലുകളില്‍ നാല് പേര്‍ മരിച്ചു. ഈ കണക്കുകളിലുണ്ടാകുന്ന വര്‍ധനവിനുപിന്നില്‍ പേവിഷ പ്രതിരോധ വാക്‌സിന്‍ ലോബി ഉണ്ടെന്നാണ് ആരോപണം .

ഈ ആരോപണം ശരിവയ്‌ക്കുന്നതാണ് മരുന്ന് വിപണിയിലെ കണക്കുകളും. 11 കോടി രൂപയുടെ പേവിഷ പ്രതിരോധ മരുന്നുകളാണ് സൗജന്യമായി നല്‍കാന്‍ സംസ്ഥാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാങ്ങിയത്. മുന്‍ വര്‍ഷം ചെലവഴിച്ചതിനേക്കാള്‍ മുന്നിരട്ടി അധികം തുകയാണിത്. വാക്‌സിനും ഇമ്യൂണോ ഗ്ലോബുലിനും വേണ്ടിവന്നാല്‍ സ്വകാര്യ ആശുപത്രിയിലെ ചെലവ് 30,000 രൂപ വരെയാണ്.

അതേ സമയം തെരുവ് നായ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരം നാലിന് തിരുവന്തപുരത്താണ് യോഗം.