റാബീസ് വാക്സീൻ, സിറിഞ്ച്, ബി പി.ബ്ലേഡ്, വൈറ്റിൻ ബി കോപൗണ്ട്, വൈറ്റമിൻ ഡി3 ഉൾപ്പടെ അവശ്യവും അതാവശ്യമായ മരുന്നിന്റെയും ഉപകരണങ്ങളുടെയും പുതിയ സ്റ്റോക്ക് കാത്തിരിക്കുകയാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നിനും ഉപകരണങ്ങൾക്കും പ്രതിസന്ധി. 209 ഇനം മരുന്നുകളും ഉപകരണങ്ങളും ഉൾപ്പടെയുള്ളവയുടെ ഈ സാമ്പത്തിക വർഷത്തിലേക്കുള്ള പുതിയ സ്റ്റോക്ക് ഇനിയുമെത്തിയില്ല. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് മരുന്നിനുൾപ്പടെ പ്രതിസന്ധിയുണ്ട്. പർച്ചേസ് ഓർഡറുകൾ വൈകിയതാണ് പ്രശ്നത്തിനിടയാക്കിയത്.

റാബീസ് വാക്സീൻ, സിറിഞ്ച്, ബി പി.ബ്ലേഡ്, വൈറ്റിൻ ബി കോപൗണ്ട്, വൈറ്റമിൻ ഡി3 ഉൾപ്പടെ അവശ്യവും അതാവശ്യമായ മരുന്നിന്റെയും ഉപകരണങ്ങളുടെയും പുതിയ സ്റ്റോക്ക് കാത്തിരിക്കുകയാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കണക്കെടുപ്പ് പൂർത്തിയാക്കി, ഏപ്രിലിനുള്ളിൽ പർച്ചേസ് ഓർഡർ നൽകുന്നത് പതിവ്.
ഇത്തവണ തെരഞ്ഞെടുപ്പായതിനാൽ പർച്ചേസ് ഓർഡർ വൈകി. പുതിയ സർക്കാർ അധികാരമേറിയിട്ടും ഉടൻ പർച്ചേസ് ഓഡർ നൽകിയതുമില്ല. ജൂൺ മുതലാണ് ഈ സാമ്പത്തിക വർഷത്തിലേക്കുള്ള ഓർഡർ നൽകിയത്. പശ്ചിമേഷ്യഷൻ യുദ്ധമടക്കമുള്ള സാഹചര്യങ്ങളാൽ ഓർഡർ നൽകിയിട്ടും സ്റ്റോക്കെത്താൻ വൈകുകയാണ്. ചുരുക്കം സ്റ്റോക്ക് മാത്രമാണ് ആശുപത്രികളിൽ ബാക്കി. പല മരുന്നുകളും കിട്ടാതായി തുടങ്ങി.
എന്നാൽ പ്രതിസന്ധിയില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. 1200 കോടിയോളം കുടിശ്ശികയുള്ളതിനാൽ സർക്കാരിന് കടം നൽകാൻ മരുന്ന് കമ്പനികൾക്ക് താത്പര്യമില്ല. പണം നൽകി അപ്പപ്പോൾ മരുന്ന് വാങ്ങാൻ ആശുപത്രികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിക്കുന്നത്. ഈ മാസം അവസാനത്തോടെ പുതിയ സ്റ്റോക്ക് എത്തുമെന്നാണ് പ്രതീക്ഷ.സ്റ്റോക്ക് എത്താൻ വൈകിയാൽ, അടുത്ത മാസം മരുന്ന്ക്ഷാമം രൂക്ഷമാകും.
