Asianet News MalayalamAsianet News Malayalam

പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ മെഡിക്കല്‍ കോളേജില്‍ വമ്പിച്ച ശുചീകരണ യജ്ഞം

mega cleaning campaign in medical college
Author
First Published Jun 16, 2017, 7:44 PM IST

തിരുവനന്തപുരം: വ്യാപകമായിക്കൊണ്ടിരിക്കുന്ന ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികളെ നിയന്ത്രിക്കാനും പ്രതിരോധിക്കാനുമായി മെഡിക്കല്‍ കോളേജില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി വമ്പിച്ച ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നു. മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍, ഡെന്റല്‍ കോളേജ്, നഴ്‌സിംഗ് കോളേജ്, ഫാര്‍മസി കോളേജ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡി.എം.ഇ ഓഫീസ്, ട്രഷറി, എസ്.ബി.ഐ, കോഓപ്പറേറ്റീവ് ബാങ്ക്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷന്‍ തുടങ്ങിയ മെഡിക്കല്‍ കോളേജ് ക്യാമ്പസിനകത്തുള്ള എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ഈ സ്ഥാപനങ്ങളും പരിസരങ്ങളും ഒത്തൊരുമയോടെ ശുചീകരിക്കുകയാണ് ലക്ഷ്യം. ഈ തീവ്രയജ്ഞ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പങ്കാളികളാകാവുന്നതാണ്.

മെഗാ ക്ലീനിംഗ് കാമ്പയിന്റെ ഉദ്ഘാടനം പതിനേഴാം തീയതി ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രി ആത്യാഹിത വിഭാഗത്തിന് സമീപം വച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്യും.

വിവിധതരം പകര്‍ച്ചപ്പനികള്‍ തടയുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്ന മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ പരിപാടി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്‌മെന്റ് ടീമാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഡെങ്കിപ്പനി പകരുന്നത് കൊതുകു കടിയിലൂടെയായതുകൊണ്ട് കൊതുകു നശീകരണത്തിനും ഉറവിട നശീകരണത്തിനുമുള്ള തീവ്ര പരിപാടികളാണ് മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കി വരുന്നത്. കൊതുകിന്റെ ഉറവിട നശീകരണം, കൂത്താടി നശീകരണം, കൊതുക് സാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ അവയെ നശിപ്പിക്കുന്നതിന് വേണ്ടി ഫോഗിംങ്ങ് നടത്തുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെ കൊതുകുജന്യ രോഗങ്ങള്‍ തടയുക എന്നതാണ് ലക്ഷ്യം.

എല്ലാ വെള്ളിയാഴ്ചകളിലും ഈ കാമ്പയിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്.

Follow Us:
Download App:
  • android
  • ios