ഷില്ലോംഗ്: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ മേഘാലയ സര്‍ക്കാര്‍ പ്രമേയം പാസ്സാക്കി. ഇന്നലെ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനമാണ് പ്രമേയം പാസ്സാക്കിയത്. കേരളത്തിന് പിന്നാലെയാണ് കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വ്യാപാരം നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയും പ്രമേയം പാസാക്കുന്നത്.

പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചാണ് പ്രമേയം പാസാക്കിയത്. ഭക്ഷണസ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മേഘാലയയിലെ ബിജെപി നേതാക്കള്‍ തന്നെ പരസ്യമായി രംഗത്തു വന്നിരുന്നു. ബിജെപിയുടെ രണ്ട് ജില്ലാ പ്രസിഡന്റുമാരടക്കം അയ്യായിരത്തോളം പേരാണ് കേന്ദ്ര വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് മേഘാലയയില്‍ പാര്‍ട്ടി വിട്ടത്. ബിജെപിയുടെ അഞ്ച് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു. നേരത്തെ ബിജെപി വിട്ട നേതാവ് ബീഫ് പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.