കശ്മീർ ജനതയുടെ വോട്ടവകാശം  തടയാനും ജനത്തെ വിഭജിച്ച് കാര്യം സാധിക്കാനും  കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെങ്കിൽ 1987 ആവർത്തിക്കുമെന്ന് മുഫ്തി മുന്നറിയിപ്പ് നൽകുന്നു.

ശ്രീന​ഗർ: പിഡിപിയെ പിളർത്താൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് ബിജെപിക്ക് മെഹ്ബുബ മുഫ്തിയുടെ മുന്നറിയിപ്പ്. പിഡിപിയിലെ എല്ലാ ഭിന്നതകളും പരിഹരിച്ചെന്നും മുഫ്തി പറഞ്ഞു. ബി.ജെ.പി സഖ്യം തകര്‍ന്നതിന് പിന്നാലെ പിഡിപിയിൽ ഉണ്ടായ തര്‍ക്കങ്ങളിൽ പ്രതികരണവുമായി ആദ്യമായാണ് മെഹബൂബ മുഫ്തി പ്രതികരിക്കുന്നത്. 

കശ്മീർ ജനതയുടെ വോട്ടവകാശം തടയാനും ജനത്തെ വിഭജിച്ച് കാര്യം സാധിക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെങ്കിൽ 1987 ആവർത്തിക്കുമെന്ന് മുഫ്തി മുന്നറിയിപ്പ് നൽകുന്നു. കശ്മീരിലെ രക്തസാക്ഷി ദിനത്തിൽ ശ്രീനഗറിലെ ശവകൂടീരങ്ങൾ സന്ദർശിച്ചതിന് ശേഷമായിരുന്നു മുഫ്തിയുടെ പ്രതികരണം. 

കശ്മീരിലെ അവസ്ഥ വഷളാക്കിയത് മെഹ്ബൂബ മുഫ്തിയുടെ ഭരണമാണെന്ന് നാഷണൽ കോൺഫറൻസ് പാർട്ടി അധ്യക്ഷൻ ഒമർ അബ്ദുള്ള ആരോപിച്ചു. മെഹ്ബൂബയും മോഡിയുമാണ് കശ്മീരിനെ ഈ അവസ്ഥയിലെത്തിച്ചതെന്നാണ് കോൺഗ്രസ് പ്രതികരണം

മെഹ്ബൂബയുടേത് സ്വജനപക്ഷപാത നയമാണെന്ന് ആരോപിച്ച് പിഡിപി- ബിജെപി സർക്കാരിൽ മന്ത്രിയായിരുന്ന ഇമ്രാൻ റാസാ അൻസാരിയുടെ നേതൃത്വത്തിൽ മൂന്ന് എംഎൽഎമാർ പാർട്ടി വിടുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാഷണൽ കോൺഫറൻസിനും പിഡിപിക്കും ബദലായി താഴ്വരയിൽ മൂന്നാം ചേരി ശക്തിപ്പെടുത്താൻ ബിജെപി ശ്രമം ശക്തമാക്കിയതോടെയാണ് മുഫ്തിയുടെ മുന്നറിയിപ്പ്.