ബെംഗളൂരു സ്ഫോടനക്കേസിൽ സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിച്ചെന്ന കേസിൽ തടിയന്‍റവിട നസീറിന്‍റെ കൂട്ടുപ്രതിയായ ഷഹനാസിന് മാനസികാരോഗ്യ ചികിത്സ വേണമെന്ന ജയിൽ സൂപ്രണ്ടിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ഷഹനാസ് ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്ന ജയിൽ സൂപ്രണ്ടിന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് എറണാകുളം ജില്ലാ കോടതി ചികിത്സക്ക് ഉത്തരവിട്ടത്.
ദേശവിരുദ്ധ സ്വഭാവമുള്ള കേസിൽ 180 ദിവസം റിമാൻഡു ചെയ്യപ്പെട്ട ഷഹനാസിന്‍റെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.ഷഹനാസ് ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്ന ജയിൽ സൂപ്രണ്ടിന്‍റെ റിപ്പോർട്ടിനെത്തുടർന്നാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഷഹനാസിന് മാനസികാരോഗ്യ ചികിത്സക്ക് ഉത്തരവിട്ടത്. തൃശൂരിലെ മാനസീകാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതിന് കോടതി ഷഹനാസിനോട് നിയമപ്രകാരം അനുവാദം തേടിയ ശേഷമാണ് സൂപ്രണ്ടിന്‍റെ അപേക്ഷയിൽ ഉത്തരവിറക്കിയത്.
കേസിലെ രണ്ടാം പ്രതിയായ ഷഹനാസിന് മനോദൗർബല്യമുണ്ടെന്ന ജയിലധികാരികളുടെയും ഡോക്ടർമാരുടെയും വിലയിരുത്തൽ അന്വേഷണത്തിൽ നിർണ്ണായകമാകും.ഷഹനാസിന്‍റെ മൊഴികളുടെ അടിസ്ഥാനത്തിൽ ശേഖരിച്ച തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് തടിയന്‍റെ വിട നസീറിനെ പൊലീസ് കേസിൽ പ്രതിയാക്കിയത്. എന്നാൽ മനോദൗർബ്ബല്യമുള്ളവരുടെ മൊഴികളുടെ നിയമസാധുത കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ദർ പറയുന്നത്.
