കൊച്ചി: ചരക്ക് സേവന നികുതിയിലെ അശാസ്ത്രീയത പരിഹരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നാല് തരം നികുതിയ്ക്ക് പകരം എല്ലാ ഉത്ന്നങ്ങള്‍ക്കും ഒരേ നികുതി നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്കും രാജ്ഭവനിലേക്കും മാര്‍ച്ച് നടത്തുമെന്ന് വ്യാപാരികള്‍ അറിയിച്ചു.

സംസ്ഥാനത്തെ 36 വ്യാപാര സംഘടനകള്‍ ചേര്‍ന്നാണ് ചരക്ക് സേവന നികുതിയിലെ അശാസ്ത്രീയത പരിഹരിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ചരക്ക് സേവന നികുതി നടപ്പായാല്‍ സാധനങ്ങള്‍ക്ക് വില കുറയും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം . എന്നാല്‍ വിലക്കയറ്റമാണ് സംഭവിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ഒരൊറ്റ നികുതി ഒരൊറ്റ രാജ്യം എന്ന പേരില്‍ വന്ന ജിഎസ്ടി 5%, 12%, 18%, 28% എന്നിങ്ങനെ നാല് തരത്തിലാണ് നികുതി ഈടാക്കുന്നത്. ഇതു നിമിത്തം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കച്ചവടക്കാരും ഉത്പന്നങ്ങളുടെ നികുതി എത്രയെന്ന് അറിയാതെ ഉപഭോക്താക്കളും ബുദ്ധിമുട്ടുന്നു.

പ്രക്ഷോഭത്തിന്റെ ആദ്യപടി എന്ന നിലയില്‍ ഈ മാസം പത്തിന് ചേരുന്ന ജിഎസ്ടി കൗണ്‍സിലിന് നികുതി ഏകീകരിക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കും. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പാര്‍ലമെന്റിലേക്കും രാജ്ഭവനിലേക്കും മാര്‍ച്ച് നടത്തുമെന്ന് വ്യാപാരികള്‍ അറിയിച്ചു. പ്രക്ഷോഭ പരിപാടികള്‍ ഏകോപിപിക്കുന്നതിനായി കൊച്ചിയില്‍ ചേര്‍ന്ന് വ്യാപാരി സംഘടനകളുടെ സംയുക്ത യോഗം കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.